കോതമംഗലം : മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാർഷികത്തിന്റെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ഊർജതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് സോളാർ അംബാസഡർ ശില്പശാല സംഘടിപ്പിച്ചു. ഐ.ഐ.ടി ബോംബയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ശില്പശാലയുടെ ഭാഗമായി എഴുപതോളം വിദ്യാർത്ഥികൾ സോളാർ സ്റ്റഡി ലാംപ് , സോളാർ പാനൽ എന്നിവയുടെ പ്രവർത്തനം മനസിലാക്കിയതിന് ശേഷം അസംബ്ലിങ്ങ് നടത്തി ലാംപ് പ്രവർത്തിപ്പിച്ചു.
അതോടൊപ്പം പ്രകൃതിയെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഉള്ള പ്രതിഞ്ജയും വിദ്യാർത്ഥികൾ ചൊല്ലി. പ്രകൃതിയിൻമേലുള്ള ഇടപെടലുകൾ അക്രമരഹിതവും അഹിംസാത്മകവുമായിരിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗം പരമാവധി കുറക്കുന്നതിനും അതുവഴി ആഗോളതാപനം നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്ന ആശയം പുതു തലമുറയിലേക്ക് പകരുക എന്നതായിരുന്നു ശിൽപ്പശാലയുടെ ലക്ഷ്യം. വരും ദിവസങ്ങളിൽ സ്കൂൾ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് സമാന പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് മാർ അത്തനേഷ്യസ് കോളേജ് ഊർജതന്ത്ര വിഭാഗം ആലോചിക്കുന്നത്.
പ്രവർത്തനങ്ങൾക്ക് അധ്യാപകരായ പ്രൊഫ. ഫ്രാൻസിസ് സേവ്യർ പി. എ., ഡോ.സരിത കെ നായർ, പ്രൊഫ. ജെസി ജെ എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം എംഎ കോളേജ് പ്രിൻസിപ്പൽ ഡോ ഡെൻസിലി ജോസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. ദീപ എസ്., അനു അവറാച്ചൻ, എന്നിവർ പങ്കെടുത്തു.
You must be logged in to post a comment Login