കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആദിശങ്കർ എസ് പുതിയമടം ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പട്ടികയിൽ ഇടം നേടി. രണ്ടാം വർഷ ബി. കോം മോഡൽ 3 ടാക്സേഷൻ വിദ്യാർത്ഥിയായ ആദിശങ്കർ, 2023 ൽ ആരംഭിച്ച വൺ പേഴ്സൺ കമ്പനിയായ ഗൈഡ്സ്റ്റോക്സ് വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (guidstox ventures Pvt. Ltd )എന്ന സംരംഭത്തിന്റെ സിഇഒ യും സ്ഥാപകനുമാണ്.ഓഹരി വ്യാപാരത്തെക്കുറിച്ചും, എന്താണ് ഒരു സ്റ്റോക്ക് ട്രെഡിങ് തന്ത്രമെന്നും, ഓഹരി വ്യാപാരം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമെല്ലാം ഈ സംരംഭം വഴി ആദി ശങ്കർ പകർന്നു നൽകുന്നു. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരിക്കെ തന്നെ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് മേഖലയിൽ ഒരു ഇ – ലേണിംഗ് കമ്പനി എന്ന ആശയം പ്രാവർത്തികമാക്കിയതിനു പിന്നാലെയാണ് ഈ യുവ സംരംഭകനെ തേടി ഈ സുവർണ്ണ നേട്ടം എത്തിയത്.
വിദ്യാർത്ഥി സംരംഭകരെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജിലെ ഇ ഡി ക്ലബ് സംഘടിപ്പിച്ച സ്റ്റാർട്ട് അപ് മിഷന്റെ പരിപാടിയിൽ ആദിശങ്കർ തന്റെ ആശയം അവതരിപ്പിക്കുകയും കോളേജിന്റെയും ക്ലാസ്സ് ടീച്ചറായ ഷീബ സ്റ്റീഫന്റെ യും ഡിപ്പാർമെന്റിലെ മറ്റു അധ്യാപകരുടെയും പ്രേരണയും പിന്തുണയും കൊണ്ട് ഇങ്ങനെ ഒരു സംരംഭം ആരംഭിക്കുകയും ചെയ്തു.കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് മുവാറ്റുപുഴ ടൗൺ ബ്രാഞ്ചിലെ അക്കൗണ്ടന്റ്
കോതമംഗലം സൗത്ത് വെണ്ടുവഴി പുതിയമടം പി. സി. സുനിൽ കുമാറിന്റെയും, പോത്താനിക്കാട് ഗവ. ആയുർവേദ ഡിസ്‌പെൻസറിയിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി. സംഗീതയുടെയും മകനാണ്. സഹോദരൻ അനിരുദ് കോതമംഗലം വിമലഗിരി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ആദിശങ്കറിനെ എം. എ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറു ഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക-അനധ്യാപകർ അഭിനന്ദിച്ചു.
