കോതമംഗലം :ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ ‘”മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്” കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സമ്മാനിച്ചു. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ്, എൻ ഐ ആർ എഫ് കോർഡിനേറ്റർ ഡോ. ബിനു വർഗീസ്, അഡ്മിനിസ്ട്രറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
ദേശീയതലത്തിൽ മികവു തെളിയിച്ചതും സംസ്ഥാനത്ത് നാക്ക് എ പ്ലസ് പ്ലസ്, എപ്ലസ്, ഗ്രേഡുകൾ നേടിയതും എൻ ഐ ആർ എഫ്, കെ ഐ ആർ എഫ് റാങ്കിങ്ങിൽ മുന്നിലെത്തിയതുമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ‘മിനിസ്റ്റേഴ്സ് അവാർഡ് ഫോർ എക്സെലൻസ്’ നൽകി ആദരിച്ചത്.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷുറൻസ് സെൽ കേരളയും (എസ് എൽ ക്യു എ സി കേരള) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.കോളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ കെ. സുധീർ, നാക് ഉപദേശകൻ ഡോ. ദേവേന്ദ്ര കൗടെ, വിവിധ സർവകലാശാല വൈസ് ചാൻസലർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
