കോട്ടപ്പടി : കോട്ടപ്പടി – പ്ലാച്ചേരിയിൽ കിണറ്റിൽ വീണ കാട്ടാനയെ തുറന്നു വിട്ട സംഭവത്തിൽ ജനപ്രതിനിധികൾ മറുപടി പറയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡണ്ടും വനം വകുപ്പ് ഉദ്യോഗസ്ഥന്മാരും ജനങ്ങളുടെ ശക്തമായ പ്രതിഷേധം അനുഭവിച്ചു. കഴിഞ്ഞദിവസം പാച്ചേരി തോടിനു സമീപം പൂലാഞ്ഞി കുഞ്ഞപ്പൻ എന്നയാളുടെ പുരയിടത്തിൽ സ്ഥിരക്കാരനായ ഒരു കാട്ടാന വീണു. വലിയ പ്രതിഷേധം ഉണ്ടായതിനെ തുടർന്ന് കോതമംഗലം എംഎൽഎ ആന്റണി ജോണിന്റെ അധ്യക്ഷതയിൽ എൽദോസ് കുന്നപ്പള്ളി എംഎൽഎ, മൂവാറ്റുപുഴ ആർ ഡി ഒ , എ എസ് പി പെരുമ്പാവൂർ, ഡി എഫ് ഓ കോതമംഗലം, പഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി, വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ എന്നിവർ യോഗം ചേർന്ന് കിണറ്റിൽ വീണ കാട്ടാനയെ മയക്കു വെടിവെച്ച് ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി ഉൾ വനത്തിൽ വിടാം എന്ന് തീരുമാനിച്ചതിനെ തുടർന്നാണ് ആളുകൾ പ്രതിഷേധം അവസാനിപ്പിച്ചത്. തുടർന്ന് 144 പ്രഖ്യാപിക്കുകയും ചെയ്തു.
പക്ഷേ ആളുകൾ പോയതിന്റെ പിന്നാലെ യാതൊരു സുരക്ഷാ നടപടികളും എടുക്കാതെ കിണർ പൊളിച്ച് ആനയെ തുറന്നു വിടുകയാണ് ചെയ്തത്. ജനപ്രതിനിധികളെ വിശ്വസിച്ച ആളുകളെ ചതിക്കുകയാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വം ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മൂവാറ്റുപുഴ ആർഡിയോയുടെ സാന്നിധ്യത്തിലാണ് യാതൊരു മുൻകരുതലും ഇല്ലാതെ ആനയെ തുറന്നുവിട്ടത്. ജനപ്രതിനിധികളുടെ അറിവോടെ അല്ല ഉദ്യോഗസ്ഥന്മാർ കാട്ടാനയെ തുറന്നുവിട്ടത് എങ്കിൽ അതിന് കാരണക്കാരായ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുവാൻ ജനപ്രതിനിധികൾ പ്രത്യേകിച്ച് യോഗ തീരുമാനത്തിൽ ഒപ്പിട്ടിരിക്കുന്ന കോതമംഗലം എംഎൽഎ ആന്റണി ജോണും, പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയും തയ്യാറാകണം എന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്ന് സംഭവസ്ഥലത്ത് എത്തിയ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഗോപി, മെമ്പർ നിതിൻ മോഹൻ , മെമ്പർ സന്തോഷ് അയ്യപ്പൻ തുടങ്ങിയവർ കിണർ കെട്ടി സംരക്ഷിക്കുന്നതിനുള്ള ഫണ്ട് റവന്യൂ വകുപ്പിൽ നിന്ന് ദുരന്തനിവാരണ ഫണ്ടിന്റെ ഭാഗമായി അനുവദിപ്പിക്കുമെന്നും, ഫണ്ട് അനുവദിക്കുന്നില്ലെങ്കിൽ ജനങ്ങൾക്കൊപ്പം ചേർന്ന് നിയമ പോരാട്ടത്തിന് സഹകരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. യാതൊരു മാന്യതയും സുരക്ഷാക്രമീകരണങ്ങളും ഇല്ലാതെ പെരുമാറുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്