കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം മണിക്കിണർ പാലം അപ്രോച്ച് റോഡിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം സഭയിൽ വ്യക്തമാക്കിയത്. അപ്പ്രോച്ച് റോഡിനായിട്ടുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിക്കാത്തതുമൂലം പാലം നിർമ്മാണം ആരംഭിക്കാൻ കഴിയാത്ത സാഹചര്യമടക്കം എം എൽ എ സഭയുടെ ശ്രദ്ധയിൽപ്പെടുത്തി.
എറണാകുളം ജില്ലയിൽ കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം പഞ്ചായത്തിൽ പല്ലാരിമംഗലം വില്ലേജിൽ ഉൾപ്പെട്ട 0.3050 ഹെക്ടർ ഭൂമി മണിക്കിണർ പാലം അപ്രോച്ച് റോഡ് പദ്ധതിക്ക് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 11(1) വിജ്ഞാപനം (പ്രാഥമിക വിജ്ഞാപനം) 01/03/2024-ലെ 771-ാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണ്.2013- ലെ ആർ.എഫ്.സി.റ്റി.എൽ.എ.ആർ.ആർ. നിയമം സെക്ഷൻ 19(7) പ്രകാരം 19(1) പ്രഖ്യാപനം പുറപ്പെടുവിക്കുന്നതിനുള്ള കാലാവധി ദീർഘിപ്പിച്ച് 27/03/2025-ലെ സ.ഉ(അച്ചടി)നം.128/2025/റവ, 25/08/2025- ലെ സ ഉ.(അച്ചടി) നം.332/2025/റവ എന്നിവ പ്രകാരം ഉത്തരവായിട്ടുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയുടെ അടിസ്ഥാന വിലനിർണ്ണയ റിപ്പോർട്ട് (ബി.വി.ആർ.) അംഗീകരിച്ചിട്ടുള്ളതിൽ കാറ്റഗറികൾ സംബന്ധിച്ച ചെറിയ മാറ്റം വരുത്തേണ്ടതിനാൽ ആയതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.പദ്ധതി പ്രദേശത്തുള്ള കെട്ടിടങ്ങളുടെയും മറ്റ് നിർമ്മിതികളുടെയും വില നിർണ്ണയം പൂർത്തീകരിച്ചിട്ടുണ്ട്. വൃക്ഷങ്ങളുടെ വില നിർണ്ണയത്തിൽ വിട്ടു പോയവയുടെ വില നിർണ്ണയം പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.
2013-ലെ നിയമത്തിലെ ആർ.എഫ്.സി.റ്റി.എൽ.എ.ആർ.ആർ. നടപടിക്രമങ്ങൾ പാലിച്ച് സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തീകരിച്ച് സ്ഥലം അർത്ഥനാധികാരിയ്ക്ക് കൈമാറുന്നതാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു.പല്ലാരിമംഗലം മണിക്കിണർ പാലം നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ 9.5 കോടി രൂപയാണ് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്.
