കുട്ടമ്പുഴ : വടാട്ടുപാറയിലെ പൊയക ഗ്രൗണ്ടിൽ യുവാക്കള്‍ ക്രിക്കറ്റ് പിച്ച് നിര്‍മ്മിച്ചതിന്റെ പേരില്‍ വനംവകുപ്പുമായി ഏറ്റുമുട്ടല്‍. വനപാലകര്‍ പൊളിച്ചുകളഞ്ഞ പിച്ച് പുനസ്ഥാപിക്കാന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തില്‍ നടത്തിയ ശ്രമം പോലിസ് തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മെമ്പര്മാരടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. വര്‍ഷങ്ങളായി നാട്ടിലെ യുവാക്കള്‍ കളിസ്ഥലമായി ഉപയോഗിച്ചിരുന്ന നാലേക്കറോളം വരുന്ന സ്ഥലത്തിന്റെ ഒരുഭാഗത്ത് ക്രിക്കറ്റ് പിച്ച് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് പഞ്ചായത്തും വനംവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കിയത്.
പൊയ്ക നാലാം വാര്‍ഡില്‍പ്പെടുന്ന കളിസ്ഥലം തങ്ങളുടേതാണെന്ന് പഞ്ചായത്തും, സംരക്ഷിത വനഭൂമിയാണെന്ന് വനംവകുപ്പും അവകാശപ്പെട്ടു. കളിസ്ഥലത്തിന്റെ ഒരുഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയില്‍ ഒരു സംഘം യുവാക്കള്‍ ഉദ്ദേശം 10 മീറ്റര്‍ നീളത്തില്‍ 4 മീറ്റര്‍ വീതിയില്‍ ക്രിക്കറ്റ് പിച്ചിനായി കോണ്ക്രീറ്റിട്ടിരുന്നു. വനംവകുപ്പ് അധികൃതരെത്തി ഈ നിര്‍മാണം പൊളിച്ചു നീക്കിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വനപാലകരുടെ പരാതിയില്‍ കുട്ടംപുഴ പോലീസെത്തി മെമ്പര്‍മാരായ ഇ.സി. റോയി, കെ.എസ്. സനൂപ്, എല്‍ദോസ് ബേബി എന്നിവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
കളിസ്ഥലം വര്‍ഷങ്ങളായി പഞ്ചായത്തിന്റെ കൈവശമുള്ളതാണെന്ന് പ്രസിഡന്റ് കാന്തി വെള്ളക്കയ്യന് പറഞ്ഞു. കളിസ്ഥലം സംരക്ഷിത വനഭൂമിയാണെന്നും കളിസ്ഥലത്തെ ചൊല്ലി വനംവകുപ്പും പഞ്ചായത്തും തമ്മില്‍ 2001ല്‍ കോടതിയിൽ ഉത്തരവ് ഉള്ളതാണെന്നും റേഞ്ച് ഓഫീസര്‍ മുഹമ്മദ് റാഫി വ്യക്തമാക്കി.