കോതമംഗലം: വടാട്ടുപാറയിലെ ഉയർന്ന പ്രദേശത്തെ കുഴിയിൽ ശവശരീരം അഴുകുമ്പോൾ അവശിഷ്ടം താഴ്ഭാഗത്തെ കിണറുകളിലെത്തുമെന്നും കുടിവെള്ളം മുട്ടുമെന്നും ആശങ്ക വ്യാപകമാകുന്നു. വടാട്ടുപാറ പൊയ്ക ഗ്രൗണ്ടിനോടടുത്ത് ഒന്നര ഏക്കറോളം സ്ഥലത്തെ ശവസംസ്‌കാരത്തിനെതിരെ നാട്ടുകാർ രംഗത്ത് എത്തിയിരിക്കുന്നത്. ജനവാസമേഖലയ്ക്കും വനത്തിനും മദ്ധ്യേയാണ് കല്ലറകൾ നിർമ്മിച്ചുവരുന്ന സ്ഥലം സ്ഥിതിചെയ്യുന്നത്. ശ്മശാന നിർമ്മാണം അനധികൃതമാണെന്നും പഞ്ചായത്തോ പൊലീസോ അറിയാതെയാണ് ദൂരദേശങ്ങളിൽ നിന്നുപോലും മൃതദ്ദേഹങ്ങൾ ഇവിടെ എത്തിച്ച് മറവ് ചെയ്യുന്നതെന്നും രാത്രികാലങ്ങളിൽ മൃതദ്ദേഹങ്ങൾ വരെ ഇവിടെ മറവുചെയ്യുന്നുണ്ടെന്നും സമീപവാസികൾ ആരോപിക്കുന്നു.
കല്ലറകൾ നിർമ്മിച്ചിട്ടുള്ളത് ഉയർന്ന പ്രദേശത്തായതുകൊണ്ട് മഴയുള്ള അവസരത്തിൽ മൃതദ്ദേഹം അഴുകി, മാലിന്യങ്ങൾ താഴ്ഭാഗത്തെ കിണറുകളിൽ അരിച്ചെത്തുവാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതിയിൽ ഇവിടെ സംസ്‌കാരം നടക്കുന്നത് ബന്ധപ്പെട്ട അധികൃതരുടെ അനുമതിയോടെ മാത്രമെ ആകാവുഎന്നാണ് സമീപവാസികളുടെ നിലപാട്. ഇത് സംമ്പന്ധിച്ച് ജില്ലാകളക്ടർക്കും കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിറിക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടർ കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.