കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പ്രദേശത്ത് സമ്പർക്കത്തിലൂടെയുള്ള കോവിഡ് 19 സ്ഥിതീകരിക്കുകയും 4,5 വാർഡുകൾ കണ്ടെൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും,തുടർ നടപടികൾ ചർച്ച ചെയ്യുന്നതിനുമായി ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. പ്രസ്തുത വാർഡുകളിലേക്കുള്ള റോഡുകൾ അടച്ചു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം സമയ ക്രമീകരണം ഏർപ്പെടുത്തി മാത്രം പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
കടകളിൽ സാനിറ്റൈസറും,പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നതിനാവശ്യമായ രജിസ്റ്ററും കരുതണം,മസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കും,ജനങ്ങൾ അനാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങരുത്, കോവിഡുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുൻകരുതലുകളും ക്രമീകരണങ്ങളും സംബന്ധിച്ച് പ്രദേശത്താകെ മൈക്ക് അനൗൺസ്മെൻ്റ് ആവശ്യമായ പ്രചരണം നടത്തും. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും,കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും ബന്ധപ്പെട്ട വകുപ്പുകൾ നല്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.
യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു, തഹസിൽദാർമാരായ റെയ്ച്ചൽ കെ വർഗീസ്,സുനിൽ മാത്യു,കുട്ടമ്പുഴ സി ഐ മഹേഷ്‌കുമാർ,പഞ്ചായത്ത് മെമ്പർമാരായ വിജയമ്മ ഗോപി, ബിൻസി മോഹൻ,പി കെ പൗലോസ്,പി എ അനസ് എന്നിവർ പങ്കെടുത്തു.