കോതമംഗലം : വടാട്ടുപാറ ചക്കിമേട്ടിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കുഴിയിൽ വീണ കാട്ടാനക്കുട്ടിയെ വനപാലകരും നാട്ടുകാരും ചേർന്ന് കരക്കു കയറ്റി. ഇന്നലെ രാത്രി കൂട്ടമായി വന്ന ആനക്കൂട്ടത്തിൽ നിന്നും കൂട്ടംതെറ്റി അബദ്ധത്തിൽ കുഴിയിൽ വീണതാകാം എന്ന് കരുതുന്നു. പുലർച്ചേ കുട്ടിപ്പിടിയാനയുടെ കരച്ചിൽ കേട്ട് അന്വേഷണം നടത്തിയപ്പോളാണ് ഒരു വയസ്സ് തോന്നിക്കുന്ന ആനക്കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വനപാലകരുടെ സഹായത്തോടുകൂടി ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുട്ടിയാനയെ കരക്ക് കയറ്റുകയായിരുന്നു. കരക്ക് കയറിയ കുട്ടിയാന കാട്ടിലേക്ക് തിരികെ കയറാൻ വൈമനസ്യം കാണിച്ചു. വനപാലകരുടെ കുറച്ചു നേരത്തെ പരിശ്രമത്തിന് ശേഷം കാട്ടാനക്കുട്ടിയെ കാട്ടിലേക്ക് കയറ്റിവിട്ടു.
