കോതമംഗലം : ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ നേരിട്ടറിയാനായി ജില്ലാ കളക്ടർ ജാഫർ മാലിക് കുഞ്ചിപ്പാറ , തലവച്ചപാറ കോളനികളിലെത്തി. ഈ ഊരുകളിലെ ആദിവാസികളുനുഭവിക്കുന്ന ദുരിതങ്ങൾ കളക്ടർ കോളനി നിവാസികളിൽ നിന്ന് ചോദിച്ചറിഞ്ഞു. ആദ്യമായി ഊരിലെത്തിയ കളക്ടറെ കോളനി നിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരണം നൽകി. ഊരിൽ നിന്ന് ബ്ലാവന കടത്തിലെത്താൻ റോഡ് സൗകര്യമില്ല. കടത്ത് കടന്ന് വേണം മഴക്കാലത്തും യാത്ര ചെയ്യാൻ. അതിനാൽ റോഡ് സൗകര്യവും പാലവും അത്യന്താപേക്ഷിതമാണ്. കൂടാതെ വൈദ്യുതിയും , ടവറും, ഇന്റർനെറ്റ് സൗകര്യവും ഇല്ലാത്തതിനാൽ കോവിഡ് കാലത്ത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസവും അവതാളത്തിലാളി.
രൂക്ഷമായ കാട്ടാന ശല്യം മൂലം കൃഷി നശിപ്പിക്കുകയാണ്. അതിനാൽ ശരിയായ ഫെൻസിംഗ് വേണം. പ്രാഥമിക ചികിൽസ എങ്കിലും 24 മണിക്കൂറും ലഭ്യമാകുന്ന രീതിയിൽ കുട്ടമ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ കടത്തി ചികിൽസ ആരംഭിക്കണം. ഹോസ്റ്റലുകൾ തുറക്കാത്തതിനാൽ ഊരിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിലക്കുന്ന അവസ്ഥതിയിലാണ് തുടങ്ങിയ പ്രശ്നങ്ങൾ കളക്ടറോട് അവതരിപ്പിച്ചു.
ഊരിലെ റോഡുകളുടെ വികസനം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ട്രൈബൽ ഡെവലപ്പമെന്റ് ഓഫീസർക്ക് നിർദ്ദേശം നൽകി. ഊരുകളിൽ ആത്മഹത്യാ പ്രവണത വർദ്ധിക്കുന്നത് തടയാനായി കുടുംബശ്രീ മുഖേന കൗൺസിലിംഗ് നൽകും. ഫോറസ്റ്റ് വാച്ചർ തസ്തികയിലേക്ക് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും കളക്ടർ നൽകി. ആദിവാസി ഊരുകളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ വകുപ്പുൾ ചേർന്ന് നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു . കുഞ്ചിപ്പാറ ഏകാദ്ധ്യാപക വിദ്യായലം സന്ദർശിച്ച് വിദ്യാർത്ഥികളുമായും കളക്ടർ സംവദിച്ചു. കുഞ്ചിപ്പാറ , തലവച്ചപാറ കോളനികളിൽ മാസ്കും വിതരണം ചെയ്ത ശേഷമായ കളക്ടർ മടങ്ങിയത്.
മലയാറ്റൂർ ഫോറസ്റ്റ് ഓഫീസർ രവി കുമാർ മീണ , അസിസ്റ്റന്റ് കളക്ടർ സച്ചിൻ കുമാർ യാദവ്, കോതമംഗലം തഹസീൽദാർ റെയ്ച്ചൽ കെ വർഗ്ഗീസ്, എൽ ആർ തഹസീൽദാർ നാസർ കെ എം, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ അനിൽ ഭാസ്കർ, കുടുംബശ്രീ , സപ്ലൈകോ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് കളക്ടർ ഊരിലെത്തിയത്.