കോതമംഗലം : പക്ഷികളുടെ പറുദീസയായ തട്ടേക്കാടിൽ തണ്ണിമത്തനും നല്ല കാലം.കേരളക്കരയുടെ പ്രിയ ഇനമായ മധുരമൂറും കിരൺ തണ്ണി മത്തനുകൾക്ക് ഇനി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട. പകരം തട്ടേക്കാടിലേക്ക് വിട്ടോളു.തട്ടേക്കാട് സ്വദേശികളായ പിതാവും,മകനും ഒന്നര ഏക്കറിൽ വിളയിച്ചത് നൂറുമേനിയാണ്. മുൻധാരണകളെ തിരുത്തിക്കൊണ്ട് മലയാള മണ്ണിലും മുന്തിയയിനം തണ്ണി മത്തനുകൾ വിളയിച്ചിരിക്കുകയാണ് തട്ടേക്കാട് സ്വദേശി കെന്നഡിയും,മകൻ ബഞ്ചമിനും. വിളവെടുത്തത് 12 ടണ്ണോളം തണ്ണി മത്തനുകളാണ്. ഇനിയും 15 ടണ്ണിലധികം വിളവെടുക്കാൻ പാകമായി മത്തനുകൾ വിളഞ്ഞു കിടക്കുന്നുണ്ട്. ഹൈദ്രാബാദിൽ നിന്ന് കൊണ്ടുവന്ന വിത്ത് 69 ദിവസങ്ങൾക്ക് മുമ്പാണ് ഇവർ കൃഷി ചെയ്തത്. ജീവാമൃതം ഉൾപ്പെടെയുള്ള ജൈവ വളവും നല്ല നനയും ചെന്നതോടെ ചെടികൾ നന്നായി ഫലം നൽകുകയും ചെയ്തു. കൃഷിയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി വൻ വിജയം നേടിയ ആളാണ് കെന്നഡി.
വ്യാവസായികാടിസ്ഥാനത്തിൽ റംബൂട്ടാൻ കൃഷി ചെയ്താണ് ശ്രദ്ധേയനായത്. ബിരുദാനന്തര ബിരുദധാരിയായ മകൻ ബഞ്ചമിനും പിതാവിൻ്റെ പാത തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
കൃഷി നെഞ്ചിലേറ്റിയ അച്ഛനും മകനും ഒന്നിച്ചതോടെ കേരളത്തിലെ തന്നെ ഏറ്റവും വലിയ കിരൺ തണ്ണി മത്തൻ ഉദ്പാദന കേന്ദ്രമായി തട്ടേക്കാട് മാറുകയായിരുന്നു. ട്വിങ്കിൾ, ഷുഗർ ക്യൂൻ, ഗജാനം എന്നീ മൂന്ന് കിരൺ ഇനങ്ങളാണ് ഇവിടെ വിളഞ്ഞത്.
തണ്ണിമത്തൻ കൃഷി കേരളത്തിൽ വിജയിക്കില്ലെന്ന ധാരണ തിരുത്താൻ കഴിഞ്ഞതിലും, കൃഷി വൻ വിജയമായതിലും വലിയ സന്തോഷമുണ്ടെന്ന് മകൻ ബഞ്ചമിനും, പിതാവ് കെന്നഡിയും പറഞ്ഞു.