കുട്ടമ്പുഴ : 19 വർഷത്തെ സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിനു ശേഷം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശ്രീമതി P G സുധ ഇന്ന് തന്റെ ഔദ്യേഗിക ജീവിതത്തിന് വിരാമമിടുന്നു. 1988 ൽ ഭർത്താവിന്റെ അകാലവിയോഗത്തെ തുടർന്ന് മൂന്ന് കുഞ്ഞുങ്ങൾ ഉൾപ്പെടെയുളള കുടുംബത്തിന്റെ ഉത്തരവാദിത്തം ചുമലിലേറ്റി ആരംഭിച്ച ജീവിത യാത്രയാണ് താൽക്കാലിമായി ഇന്ന് അവസാനിക്കുന്നത്. ആദ്യം അദ്ധ്യാപികയും പിന്നീട് 2002 മുതൽ വനം വകുപ്പിൽ ഗാർഡായി ജോലിയിൽ പ്രവേശനം നേടിയത്. വനിതകൾ വിരളമായിരുന്ന ഗാർഡ് തസ്തികയിലില്ലാതിരുന്ന കാലഘട്ടത്തിൽ ഭൂമിശാസ്ത്രപരമായി ഏറെ ദുർഘടം നിറഞ്ഞതും വന്യമൃഗ സാന്നിദ്ധ്യം ധാരാളമുള്ളതും യാത്രാസൗകര്യങ്ങളില്ലാത്തതും വന്യജീവി വേട്ടയാടൽ ഏറെയുണ്ടായിരുന്നതുമായ കുട്ടമ്പുഴ റെയിഞ്ചിൽ ആദ്യ നിയമനം.
പത്തും ഇരുപതും കിലോമീറ്റർ നിബിഡ വനത്തിലൂടെ സഞ്ചരിച്ച് മാത്രം എത്തപ്പെടാനാവുന്ന തേര, വാരിയം , കുഞ്ചപ്പാറ, തലവച്ച പാറ , ഉറിയംപെട്ടി, വെള്ളാരം കുത്ത് ഭാഗങ്ങളിലെ ആദിവാസി മേഖലയിൽ അവരുടെ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, സഞ്ചാരം, തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനങ്ങൾ, സ്ത്രീകളുടെ ക്ഷേമം, തുടങ്ങി എല്ലാ മേഖലകളിലും ഉന്നമനത്തിനായി അവരോടൊപ്പം താമസിച്ച് അക്ഷീണ പരിശ്രമങ്ങൾ.
ആദിവാസി സമൂഹത്തിന്റെ സഹായത്തോടെ കഞ്ചാവ് കൃഷിയിടങ്ങൾ നശിപ്പിച്ച് അവിടെ വനവൽക്കരണം നടത്തുന്നതിലും വ്യാജമദ്യ നിർമ്മാണ കേന്ദ്രങ്ങൾ ഇല്ലാതാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. ഈ പ്രവർത്തന മികവിന് അംഗീകാരമായി 2006 ലെ മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡലിന് ശ്രീമതി PG സുധ അർഹയായി. 2017 ൽ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ആദിവാസി മേഖലകളിൽ ODF പ്രവർത്തനം വിജയകരമാക്കുന്നതിൽ നേതൃത്വം വഹിച്ചതിന് പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്കാരവും ലഭിക്കുകയുണ്ടായി.
ഇടമലയാർ ആന വേട്ട കേസിലെ അന്വേഷണ സംഘത്തിലും പ്രവർത്തിക്കുകയുണ്ടായി. ഈ കാലയളവിൽ സ്വദേശത്ത് നിന്നും വിദേശത്തുനിന്നും ഒട്ടനവധി പുരസ്കാരങ്ങളും ശ്രീമതി PG സുധയെ തേടിയെത്തി. മികച്ച കായിക പ്രതിഭ കൂടിയായ ശ്രീമതി PG സുധ കേരളത്തെ പ്രതിനിധീകരിച്ച് ഒട്ടനവധി മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . വനം വകുപ്പിനും സമൂഹത്തിനും ഒട്ടനവധി സംഭാവനകൾ നൽകിയ, വനം വകുപ്പിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് പടിയിറങ്ങുന്ന പിണവൂർക്കുടി സ്വദേശിനി പി.ജി. സുധ ശിഷ്ടകാലവും സാമൂഹിക മേഖലയിൽ സജീവമാകുവാനുള്ള തയ്യാറെടുപ്പിലാണ്.