ഏബിൾ. സി. അലക്സ്
കോതമംഗലം : പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു പ്രദേശമാണ് കുട്ടമ്പുഴ. എന്നാൽ ഇവിടുത്തെ ജീവിതങ്ങൾക്ക് അത്ര നിറമില്ല. ദിവസേന നൂറു കണക്കിന് വാഹനങ്ങൾ പോകുന്ന തട്ടേക്കാട് – കുട്ടമ്പുഴ റോഡാണ് പൊട്ടി പൊളിഞ്ഞു തകർന്നു ചെളി കുളമായി കിടക്കുന്നത്. മഴക്കാലം ആയതോടെ കാൽനട യാത്ര പോലും ദുഷ്ക്കരമായി തീർന്നിരിക്കുകയാണ്. ഇരു ചക്ര വാഹനത്തിൽ സഞ്ചാരിക്കുന്ന പലർക്കും ഈ ചളികുഴിയിൽ വീണ് പരിക്ക് പറ്റിയിട്ടുണ്ട്. രാത്രി കാലങ്ങളിൽ വാഹനത്തിൽ സഞ്ചരിക്കുന്നവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. ഇതിലൂടെ വാഹനത്തിൽ യാത്ര ചെയ്താൽ വാഹനം കേട് സംഭവിക്കും എന്ന് മാത്രമല്ല, യാത്ര ചെയ്യുന്നവർ പിന്നീട് വല്ല കുഴമ്പും ഇട്ടു തിരുമ്മൽ ചികിത്സ നടത്തേണ്ട ഗതികേടിലും ആണ്.

ഈ റോഡിലൂടെ സഞ്ചരിക്കുന്നവർ കുഴികൾ എണ്ണി മടുത്തു. ദുരിത പൂർണ്ണമായ ജീവിതത്തിന് കുട്ടമ്പുഴ നിവാസികളുടെ ജീവിതം പിന്നെയും ബാക്കി. എത്രയും വേഗം ഈ റോഡ് നന്നാക്കണമെന്നാണ് കുട്ടമ്പുഴ നിവാസികളുടെ ആവശ്യം.
 
						
									

 

























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				