കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടിയിൽ കുട്ടിയാന കിണറ്റിൽ വീണു. ഏകദേശം 10 വയസ്സ് പ്രായമുള്ള പിടിയാനയാണ് പിണവൂർകുടി അമ്പലത്തിനു സമീപം കൊട്ടാരത്തിൽ ഗോപാലകൃഷ്ണൻ്റെ കിണറ്റിൽ പുലർച്ചെ വീണത്. നേര്യമംഗലം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും നാട്ടുകാരും കൂടിചേർന്ന് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് കിണറിന്റെ വക്കിടിച്ചാണ് ആനയെ കരകയറ്റിയത് . കൂട്ടം തെറ്റിയ ആനയാണ് അപകടത്തിൽ പെട്ടത്. ജനവാസ മേഖലയിൽ സ്ഥിരമായി കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങി കൃഷി നശിപ്പിക്കുന്നതും, കിണറിൽ വീഴുന്നതും പതിവ് സംഭവമാണ്.
വന്യ മൃഗ ശല്യം കൊണ്ട് പ്രത്യകിച്ചു കാട്ടാന ശല്യം മൂലം പൊറുതി മുട്ടുന്ന ഒരു പഞ്ചായത്താണ് കുട്ടമ്പുഴ. കൃഷിക്കാരന്റെ നിരവധി വിളകൾ ആണ് ആനകൂട്ടം ചവിട്ടി മെതിച്ചു നശിപ്പിക്കുന്നത്. വനപാലകരുടെ അടുത്തു പരാതി പറഞ്ഞു മടുത്തുവെന്നും ഇതിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാർ പറയുന്നത്.
 
						
									

 


























































 
								
				
				
			 
 
 
							 
							 
							 
							 
							 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				 
				