കുട്ടമ്പുഴ : വനാന്തർഭാഗത്തുള്ള ആദിവാസികുടികളിൽ നിന്നും ഇറങ്ങി വന്ന പന്തപ്രയിൽ താമസിക്കുന്നവരെ എംപി ഡീൻ കുര്യാക്കോസ് സന്ദർശിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഏറ്റവും ദൂരത്ത് സ്ഥിതി ചെയ്യുന്ന ആദിവാസി കുടികളായ മാപ്പിളപ്പാറ മീൻകുളം ഉറിയം പെട്ടി വാരിയം എന്നിവിടങ്ങളിൽ നിന്നാണ് ആദിവാസി കുടുംബങ്ങൾ അവരുടെ വീടുകളും കൃഷിസ്ഥലങ്ങളും ഉപേക്ഷിച്ച് പന്തപ്രയിൽ വന്ന് താമസിക്കുന്നത്. വന്യമൃഗങ്ങളുടെ ശല്യം മൂലം ഉൾവനങ്ങളിലെ കുടികളിൽ ജീവിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഉരുളൻതണ്ണിക്ക് സമീപമുള്ള പന്തപ്ര കുടിയിൽ കുടിയേറുന്നത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 218 കുടുംബങ്ങൾക്കുള്ള സ്ഥലം അളന്ന് തിരിച്ചിട്ടുള്ളതാണ്. 68 കുടുംബങ്ങളാണ് ഇപ്പോൾ പന്തപ്രയിൽ താമസിക്കുന്നത്. ബാക്കിയുള്ള സ്ഥലം അളന്നുതിരിച്ച് തരണം എന്നാണ് ആദിവാസികൾ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ആദിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്യാമെന്ന്എംപി ആദിവാസികളോട് പറഞ്ഞു. യാതൊരു സുരക്ഷയും ഇല്ലാത്ത പ്ലാസ്റ്റിക് ഷെഡ്ഡുകളിൽ ആണ് ആദിവാസികൾ ഇപ്പോൾ താമസിക്കുന്നത്. ആദിവാസികളുടെ ആവശ്യങ്ങൾ എത്രയും പെട്ടെന്ന് നിർവഹിച്ചു കൊടുക്കണമെന്ന് എം പി ഡീൻ കുര്യാക്കോസ് സർക്കാരിനോട് ആവശ്യപ്പെട്ടു.