- ബിബിൻ പോൾ എബ്രഹാം
കുട്ടമ്പുഴ: കാലവർഷത്തിൻ്റെ തുടക്കത്തിൽ തന്നെ മണികണ്ഠൻ ചാൽ നിവാസികൾക്ക് ദുരിതകാലം ആരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് മണികണ്ഠൻ ചാൽ ചപ്പാത്ത് മുങ്ങി. ചപ്പാത്ത് മുങ്ങുന്നതിനെ തുടർന്ന് മണികണ്ഠൻ ചാൽ, വെള്ളരംകുത്ത്, ഉറിയാംപെട്ടി, എന്നിവിടങ്ങളിൽ ഉള്ളവർക്ക് യാത്ര ദുരിതത്തിലാണ്. അടിയന്തിര സാഹചര്യത്തിലും അല്ലാത്തപ്പോഴും അപകടം നിറഞ്ഞ കടത്ത് മാത്രമാണ് ആശ്രയം. പാലം വേണം എന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറി മാറി വരുന്ന സർക്കാരുകളും ജനപ്രതിനിധികളും നടപ്പിലാക്കാം എന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലയെന്ന് നാട്ടുകാർ പറയുന്നു. വഞ്ചിയിൽ ആണ് ഇപ്പോൾ ആളുകളെ മറുകരയിൽ എത്തിക്കുന്നത്. ഉറിയംപെട്ടി, വെള്ളാരംകുത്ത് തുടങ്ങിയ ആദിവാസി ഉന്നതികളും, മണികണ്ഠൻചാൽ ഗ്രാമവും ഒറ്റപ്പെട്ടലിൻ്റെ അവസ്ഥയിലായി. ഇനിയും പുഴയിൽ വെള്ളം ഉയർന്നാൽ വഞ്ചി യാത്രയും നിർത്തി വക്കേണ്ടി വരും.
