കുട്ടമ്പുഴ: മഴ കനത്തതോടെ കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന കടത്ത് നിർത്തി വെച്ചു. ആറ് ആദിവാസി ഊരുകൾ ഒറ്റപ്പെട്ടു. തലവച്ചപാറ, തേര, കുഞ്ചിപ്പാറ, വാരിയം, മീങ്കുളം, മാപ്പിളപ്പാറ എന്നീ ഊരുകളാണ് ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളിലെ കല്ലേലിമേട് കുടിയേറ്റ ഗ്രാമമാണ് ആദിവാസി സമൂഹത്തിൻ്റെ ആശ്രയ കേന്ദ്രം. 285 ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ നാനൂറോളം കുടുംബങ്ങളുടെ ജീവിതം ദുസഹമാണ്. പ്രദേശത്ത് ഒരിടത്തും വൈദ്യുതിയെത്തിയിട്ടില്ല. എല്ലായിടത്തും വന്യമൃഗ ഭീഷണിയുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമായി വരുമ്പോഴാണ് ഇവർ വലയുന്നത്.
വാരിയത്ത് നിന്നു മൂന്നു മണിക്കൂർ ജീപ്പിൽ സഞ്ചരിച്ചു വേണം ബ്ലാവന കടവിൽ എത്താൻ.
ഇവിടെ പാലം വേണമെന്ന ആവശ്യത്തിന് കാൽ നൂറ്റാണ്ടു കാലത്തെ പഴക്കമുണ്ട്. രണ്ടു വർഷം മുൻപ് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു. ആറുമാസത്തിനകം പാലം നിർമിക്കാൻ നടപടി വേണമെന്ന് കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ പാലം നിർമിക്കാൻ നടപടി ഉണ്ടായിട്ടില്ല. പാലത്തിനായി ആദിവാസി സമൂഹത്തെയും കുടിയേറ്റ കർഷകരെയും സംഘടിപ്പിച്ചു യുഡിഎഫ് നിരന്തര സമരം നടത്തുമെന്ന് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം പറഞ്ഞു.
മഴ പെയ്ത് പുഴ നിറഞ്ഞ് ഒഴുകിയാൽ സത്രീകളും കുട്ടികളും പ്രായമായവരും ഒരു വഞ്ചിയിൽ ജീവൻ പണയം വെച്ചാണ് മറുകര കടക്കുന്നത്. പ്രസവിക്കാറായ സ്ത്രികർ മറുകര കടക്കാനാകാതെ വനത്തിനുള്ളിൽ പ്രസവം നടത്തിയിട്ടുണ്ട്. നിരവധി രോഗികൾ ചികിത്സ കിട്ടാതെ മരിച്ചിട്ടുണ്ട്. എന്നിട്ടും ഒരു പാലത്തിനായി ഈ ആദിവാസി ഊരുകളിലെ പാവങ്ങളുടെ കാത്തിരുപ്പ് തുടരുകയാണ്.