കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. എംഎൽഎ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന പ്രസ്തുത അപ്രോച്ച് റോഡിന്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ
പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് സ്വാഗതം ആശംസിച്ചു.
കോതമംഗലം താലൂക്കിൽ പല്ലാരിമംഗലം വില്ലേജിൽ കോതമംഗലം ആറിന് കുറുകെ കുടമുണ്ടയിൽ കവളങ്ങാട്, വാരപ്പെട്ടി എന്നീ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് 2016 ൽ കുടമുണ്ട ചെക്ക് ഡാം കം ബ്രിഡ്‌ജ് പണി പൂർത്തീകരിക്കുകയുണ്ടായി. കവളങ്ങാട് ഭാഗത്തെ അപ്രോച്ച് റോഡിന്റെ പണി പൂർത്തീകരിച്ചു. എന്നാൽ വാരപ്പെട്ടി ഭാഗത്ത് അപ്രോച്ച് റോഡിന്റെ നിർമ്മാണ സമയത്ത് സ്ഥലം കൈയേറി എന്ന് ആരോപിച്ച് റോഡിനോട് ചേർന്ന ഭാഗത്തെ സ്ഥല ഉടമ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്തതിനാൽ നിർമ്മാണം തടസ്സപ്പെടുകയുണ്ടായി.
കുടമുണ്ടയിൽ പിഡബ്ല്യൂഡി നിർമ്മിച്ചിട്ടുള്ള പഴയ പാലത്തിൽ ചെറിയ മഴയ്ക്ക് തന്നെ വെള്ളം കയറുന്നതുകൊണ്ട് മഴക്കാലത്ത് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. പുതിയ പാലത്തിലൂടെ യുള്ള ഗതാഗതം സാധ്യമാക്കുന്നതിനായി എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന യോഗത്തിൽ എംഎൽഎയുടെ അഭ്യർത്ഥന മാനിച്ച് സ്ഥലം ഉടമ സ്ഥലം വിട്ടു നൽകാൻ തയ്യാറാവുകയും ഇതുമായി ബന്ധപ്പെട്ട കേസ് പിൻവലിക്കുകയും ചെയ്തു.
തുടർ നടപടികളുടെ ഭാഗമായി റവന്യൂ അധികൃതരും, സ്ഥല ഉടമയും ഇറിഗേഷൻ അധികൃതരുമായി നടത്തിയ സ്ഥലപരിശോധനയിൽ 25 സെൻ്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി റോഡിനായി ലഭ്യമാക്കി. എന്നാൽ സുഗമമായ വാഹന ഗതാഗതത്തിന് ഈ സ്ഥലം അപര്യാപ്തമാണെന്ന് അറിയിച്ചതിനെതുടർന്ന് 3.57 സെൻറ് സ്ഥലം ഉടമ വിട്ടു നൽകാൻ തയ്യാറാവുകയും (പരേതരായ സെബാസ്റ്റ്യൻ വർഗീസ് വാളൂരാൻ,
ചിന്നമ്മ സെബാസ്റ്റ്യൻ) റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ ഈ സ്ഥലം അളന്ന് തിട്ടപ്പെടുത്തി ലഭ്യമാക്കുകയും ചെയ്തു. അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തിലേക്ക് എം എൽ എ ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ ലഭ്യമാക്കുകയും ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻറ് ടെൻഡർ ക്ഷണിക്കുകയും സൈറ്റ് ഹാൻഡ് ഓവർ നടപടികൾ പൂർത്തികരിക്കുകയും ചെയ്തിട്ടുള്ളതാണ്.
ടി പ്രദേശത്തെ ജനങ്ങളുടെ ഏറെ കാലമായിട്ടുള്ള ഒരു ആവശ്യമാണ് ഇപ്പോൾ സാധ്യമാകുന്നതെന്നും എം എൽ എ ഉദ്ഘാടന പ്രസംഗത്തിൽ കൂട്ടി ചേർത്തു.
ചടങ്ങിൽ പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ് മെമ്പർമാരായ റിയാസ് തുരുത്തേൽ, നസിയ ഷെമീർ, എ എ രമണൻ, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ,പി കെ മുഹമ്മദ്,പി എം നൗഷാദ്, പി ഇ ജബ്ബാർ,
മേജർ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റ് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ എൻ എസ് മഞ്ജു, അസിസ്റ്റൻ്റ് എഞ്ചിനീയർ വിഷ്ണു കൃഷ്ണൻ, ഓവർസിയർമാരായ കെ കെ ശബരീശൻ, വി എസ് സുജിമോൾ എന്നിവർ പ്രസംഗിച്ചു.



























































