കോതമംഗലം: അപകടത്തില്‍പ്പെട്ട് വഴിയില്‍ കിടന്ന വിദ്യാര്‍ഥികള്‍ക്ക് രക്ഷകരായി കെഎസ്ആര്‍ടി സി ജീവനക്കാര്‍.ഭൂതത്താന്‍കെട്ട്- വടാട്ടുപാറ റോഡില്‍ തുണ്ടം എസ് വളവില്‍ ബൈക്ക് തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികളെയാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് വിദ്യാര്‍ഥികളായ വടാട്ടുപാറ ചിറക്കത്തൊട്ടിയില്‍ കമല്‍ (21), കോതമംഗലം കാരക്കുന്നം സ്വദേശി ഫെബിന്‍ (21) എന്നിവരാണ് ബൈക്ക് തെന്നി മറിഞ്ഞ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ വടാട്ടുപാറയില്‍ നിന്ന് കോതമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മറ്റ് വാഹനങ്ങളൊന്നുമില്ലാത്ത ഭാഗത്ത് പരിക്കേറ്റ് റോഡില്‍കിടന്നവരെ ബസില്‍ കയറ്റി. പിന്നീട് ബസ് ആംബുലന്‍സായി മാറുകയായിരുന്നു. തുടര്‍ന്നുള്ള സ്റ്റോപ്പുകളില്‍ നിര്‍ത്താതെ അതിവേഗത്തില്‍ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. ഡ്രൈവര്‍ അനസ് മുഹമ്മദും കണ്ടക്ടര്‍ പി.കെ. റഷീദുമാണ് ഡ്യൂട്ടിക്കിടെ രക്ഷാപ്രവര്‍ത്തകരായി മാറിയത്.പരിക്കേറ്റവര്‍ രാത്രിയോടെ ആശുപത്രിവിട്ടു. കുറച്ചുനാള്‍ മുമ്പ് ചേലാട് മിനിപ്പടിയില്‍ പരിക്കേറ്റ് റോഡില്‍കിടന്ന ബൈക്ക് യാത്രികനേയും അനസ് മുഹമ്മദിന്റെ നേതൃത്വത്തില്‍ സമാനരീതിയില്‍ ആശുപത്രിയിലെത്തിച്ചിരുന്നു.മറ്റ് വാഹനങ്ങള്‍ റോഡില്‍വീണ് കിടന്നയാള്‍ക്കുനേരെ കണ്ണടച്ചപ്പോഴായിരുന്നു രക്ഷാദൗത്യം ഇവര്‍ ഏറ്റെടുത്തത്.
