അടിമാലി: കൊച്ചി – ധനുഷ്‌ക്കോടി ദേശീയപാതയിൽ ദേവികുളം ഗ്യാപ്പിൽ വീണ്ടും വൻ മലയിടിച്ചിൽ. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. മുൻപ് മലയിടിച്ചിലിനെ തുടർന്ന് വാഹനങ്ങൾ ഉൾപ്പെടെ നശിച്ച ഭാഗത്തിനും മലയിൽക്കള്ളൻ ഗുഹയ്ക്ക് ഇടയിലായാണ് ഇടിച്ചിൽ ഉണ്ടായിരിക്കുന്നത്. കൂറ്റൻ പാറയും മണ്ണും മലയടിവാരത്ത് കിളവിപാറയിൽ താമസിക്കുന്ന പളനിവേലിൻ്റെ വീടിന് സമീപം വരെ എത്തിയതായാണ് പ്രാഥമിക വിവരം. ഇരുട്ടും മഴയും മൂലം ഈ കുടുംബത്തിന് വീട് വിട്ട് സുരക്ഷിത താവളത്തിലേക്ക് മാറുന്നതിന് സാധിച്ചിട്ടില്ല. പ്രദേശത്ത് നിന്നും അഞ്ച് മിനിട്ടോളം ഭീകരമായ ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നു. രാവിലെയോടെ മാത്രമെ സംഭവത്തിൻ്റെ വ്യാപ്തി കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജൂണ് 5 മുതൽ നിരോധിച്ചിരിക്കുകയാണ്. ഗ്യാപ് റോഡ് വഴി ബൈസൺവാലി അടക്കം ഉള്ള പ്രദേശങ്ങളിലേക്ക് യാത്ര നിരോധിച്ചു. ഇതുവഴി ഇന്ന് രാത്രി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ കാൽനട യാത്ര പോലും പാടില്ല. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് ദേവികുളം പോലീസ് അറിയിച്ചിട്ടുണ്ട്