കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന കുടിവെള്ള സ്രോതസ്സായ വിരിപ്പക്കാട്ട് ചിറയിൽ നിന്നും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മയിൽ ആശങ്ക പ്രകടിപ്പിച്ചു നാട്ടുകാർ. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 16.56 ലക്ഷം രൂപ ചിറ ശുചീകരണത്തിനായി വകയിരുത്തുകയും ചെയ്‌തിരുന്നു. തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങളിലെ അപാകത നാട്ടുകാർ ചൂണ്ടിക്കാണിക്കുകയും നിരവധി പരാതികൾ പഞ്ചായത്തിൽ നൽകുകയും ചെയ്‌തു. മൂന്ന് മാസത്തോളം നീണ്ടുനിന്ന ചെളി ഇളക്കൽ, കോരൽ, മാലിന്യങ്ങൾ നീക്കൽ, പായൽ വാരൽ, വെള്ളം അടിച്ചു പറ്റിക്കൽ തുടങ്ങിയവ വെറും പ്രഹസങ്ങൾ ആയിമാറുകയായിരുന്നു എന്ന് ചിറയുടെ ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് നാട്ടുകാർ സമർത്ഥിക്കുന്നു.
വിരിപ്പക്കാട്ട് ചിറയിലെ മാലിന്യങ്ങൾ നീക്കം ചെയ്തു കുടിവെള്ളം പമ്പ് ചെയ്യുന്നത് മുൻപ് നടത്തിയ ജല പരിശോധനയിൽ രണ്ട് തവണ പരാജയപ്പെടുകയായിരുന്നു. ചിറയിലെ വെള്ളത്തിൽ ക്ലീനിങ്ങിനായി ഇറങ്ങിയ ഹിറ്റാച്ചിയുടെ ഡിസീലും ഓയിലും ഗ്രീസും കലർന്നതാണ് പ്രശനമായത്. നിരവധി തവണ കേടായ ഹിറ്റാച്ചി ചിറയിലിട്ടാണ് നന്നാക്കിട്ടിരുന്നത്. ജല സസ്യങ്ങളും പായലും മൂലം ശുജീകരണം നടത്തിയ ചിറയിലെ വെള്ളത്തിൽ കൂടുതൽ മലിനീകരണമാണ് ഇപ്പോളത്തെ അവസ്ഥയിൽ നടന്നിരിക്കുന്നത് എന്ന് ആശങ്കയാണ് നാട്ടുകാർ പങ്കുവെക്കുന്നത്. കൂടാതെ വെള്ളം പമ്പ് ചെയ്യുന്ന കിണർ വൃത്തിയാക്കാതെയും ക്ലോറിനേഷൻ നടത്തുന്ന യൂണിറ്റ് ഉപയോഗ്യശൂന്യമായ അവസ്ഥയിലുമാണ് നാട്ടുകാർക്ക് വെള്ളം പമ്പ് ചെയ്ത് കൊടുക്കുന്നത്. ചിറയിൽ പ്ലാസ്റ്റിക് കുപ്പികൾ, പ്ലേറ്റ്, ചെരുപ്പുകൾ തുടങ്ങിയ ഇപ്പോളും അവശേഷിക്കുന്നത് പഞ്ചായത്തിന്റെ ഭാഗത്തുനിന്നുമുണ്ടായ നിസ്സംഗതയും വീഴ്ചയാണ് എന്ന് ഉണഭോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്തിലൂടെ നിരവധി സംക്രമീക രോഗങ്ങൾ പടരുന്ന ഇക്കാലത്ത് ഗുണമേന്മയില്ലാത്ത ജലം ഉപയോഗിക്കേണ്ടി വരുന്നതിന്റെ ആശങ്കയിലാണ് കോട്ടപ്പടിക്കാർ.