കോട്ടപ്പടി : ഇന്നലെ രാത്രിയിൽ വാവേലി കുളങ്ങാട്ടുകുഴിയിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. വനാതിർത്തിയിൽ വനം വകുപ്പും ജനകീയ വേദിയും സ്ഥാപിച്ച രണ്ട് വൈദ്യുതി വേലികൾ മറികടന്നാണ് കാട്ടാന കുളങ്ങാട്ടുകുഴി യാക്കോബായ പള്ളിക്ക് സമീപമുള്ള മൂലയിൽ ലൈജുവിന്റെ കൃഷിയിടത്തിലെ വിളകൾ നശിപ്പിച്ചത്. മുന്നൂറ് ചുവട് കപ്പ, കാവലമുള്ള കൊക്കോ മരങ്ങൾ, പത്തോളം കൊക്കോ തൈകൾ , മൂന്നോളം പ്ലാവുകൾ തുടങ്ങിയവ കാട്ടാന നിശ്ശേഷം നശിപ്പിച്ചു. ഒരു ലക്ഷം രൂപയോളം വരുന്ന നാശനഷ്ടങ്ങളാണ് കാട്ടാന വരുത്തിയതെന്ന് കർഷകനായ ലൈജു പറയുന്നു.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാന ഇറങ്ങി കൃഷി നശിപ്പിക്കാതിരിക്കുന്നതിനായി വനം വകുപ്പും ജനകീയ വേദിയും സ്ഥാപിച്ച രണ്ട് ഫെൻസിങ്ങുകളും തകർത്താണ് കാട്ടാന കൃഷി നശിപ്പിച്ചത്. വൈദ്യുതി വേലി പ്രവർത്തിപ്പിക്കാനുള്ള ബാറ്ററികൾ പ്രവർത്തന രഹിതമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. തന്മൂലമാണ് രണ്ട് വേലികളും മറികടന്ന് കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.