കോട്ടപ്പടി : കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പാടത്തിനോട് ചേർന്ന് ഉപയോഗ്യശൂന്യമായി കിടന്നിരുന്ന കുളത്തിൽ നിന്നുമാണ് പാമ്പിനെ പിടികൂടിയത്. കുളത്തിൽ അനക്കം കണ്ടതിനെത്തുടർന്ന് നാട്ടുകാർ വനം വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോടനാട് വനം വകുപ്പിലെ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോറെസ്റ് ഓഫീസർ സാബു ജെ.ബി സ്ഥലത്തെത്തുകയും സാഹസികമായി പിടിക്കൂടുകയുമായിരുന്നു.
വിരമിച്ച മജിസ്‌ട്രേറ്റ് കൊറ്റാലിൽ ചെറിയാന്റെ പറമ്പിലെ കുളത്തിൽ നിന്നുമാണ് പന്ത്രണ്ട് അടിയോളം നീളമുള്ള പെൺപാമ്പിനെ പിടികൂടിയത്. കോട്ടപ്പടി പഞ്ചായത്തിൽ നിന്നും ആദ്യമായാണ് ഒരു രാജവെമ്പാലയെ പിടികൂടുന്നതെന്ന് നാട്ടുകാർ വെളിപ്പെടുത്തുന്നു.