കോട്ടപ്പടി : ടീച്ചറെ ഇത് പൊളിഞ്ഞു നമ്മുടെ തലയിൽ എങ്ങാനും വീഴുമോ? ഒന്നര വർഷങ്ങൾക്കിപ്പുറം കോട്ടപ്പടി വാവേലിയിലെ അങ്കണവാടിയിൽ എത്തിയ ആശ്രയമോൾ ടീച്ചറോട് ചോദിച്ചതാണ്. വാസന്തി ടീച്ചർക്ക് വളരെ നിസ്സഹായതയോടെ കുട്ടികളെ സ്വീകരിക്കാനെത്തിയ വാർഡ് മെമ്പർ സന്തോഷ് അയ്യപ്പനു നേരെ നോക്കുവാനെ സാധിച്ചുള്ളൂ. ഏകദേശം 45 വർഷത്തെ പഴക്കമുണ്ട് അങ്കണവാടി കെട്ടിടത്തിന്. തൂണുകൾ എല്ലാം ദ്രവിച്ച അവസ്ഥയിലായി. മുകളിലുള്ള സീലിംഗ് എല്ലാം തന്നെ താഴേക്ക് പതിക്കുന്ന അവസ്ഥയിലാണ്. 15 കുട്ടികളാണ് നിലവിൽ അങ്കണവാടിയിൽ പഠിക്കുന്നത്. അങ്കണവാടിയുടെ ശോചനീയാവസ്ഥയുമായി വാർഡ് മെമ്പർ സന്തോഷ് അയ്യപ്പനും ടീച്ചർമാരും പോകാത്ത വഴികളില്ല.
പല അങ്കണവാടികളും സ്മാർട്ട് ആകുമ്പോൾ മൂന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന അങ്കണവാടിയിൽ കത്തുന്നത് ഒരേ ഒരു ലൈറ്റും ഒരു ഫാനും മാത്രമാണ്. പലപ്പോഴും സ്വന്തം കയ്യിൽ നിന്നും പണം മുടക്കിയാണ് ചെറിയചെറിയ അറ്റകുറ്റപ്പണികൾ എല്ലാംതന്നെ നടത്തുന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും അങ്കണവാടിയുടെ മുകളിലേക്ക് ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ അങ്കണവാടി കെട്ടിടത്തിന് തന്നെ ഭീഷണിയാണ്. എത്രയും വേഗം അങ്കണവാടിയിൽ വരുന്ന പിഞ്ചുകുട്ടികളുടെ ആശങ്ക പരിഹരിക്കണമെന്ന് രക്ഷകർത്താക്കളും ആവശ്യപ്പെടുന്നത്.