കോട്ടപ്പടി : കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗം മേഖല. ഇന്ന് പുലർച്ചെ കാട്ടാന കൂട്ടം വടക്കുംഭാഗം പുല്ലുവഴിച്ചാലിലെ തെക്കനാട്ട് രവി ടി ജി എന്ന കർഷകന്റെ കൃഷിയിടത്തിലെ 200 ഓളം വാഴകളാണ് ചവിട്ടി നശിപ്പിച്ചത്. കുല വെട്ടാറായതും കുലക്കാറയതുമായ വാഴകളാണ് മൂന്നോളം വരുന്ന കാട്ടാനകൾ നശിപ്പിച്ചത്. കൃഷിയിടത്തിലെ റബ്ബറും പ്ലാവും കപ്പയുമെല്ലാം കാട്ടാനയുടെ ആക്രമണത്തിന് ഇരയായി.
കുറച്ചു മാസങ്ങളുടെ ഇടവേളക്ക് ശേഷമാണ് ഈ മേഖലയിൽ കാട്ടാന ഇറങ്ങി കൃഷി നാശം വരുത്തിയിരിക്കുന്നത്. വില തകർച്ചയും കാലാവസ്ഥ വ്യതിയാനവും മൂലം വലയുന്ന കർഷകരെ സാമ്പത്തികമായ ദുരിതത്തിലേക്ക് തള്ളിവിടുന്ന അവസ്ഥയാണ് വന്യജീവി ആക്രമണം മൂലം സംഭവിക്കുന്നതെന്ന് രവി പറയുന്നു.