കോട്ടപ്പടി : വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശമാണ് കോട്ടപ്പടി പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടുന്ന വടക്കുംഭാഗം വാവേലി പ്രദേശം. ഈ മേഖലയിൽ വനത്തിൽ നിന്നുമുള്ള മൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്നത് പതിവാണ്. ഇപ്രാവശ്യം വാവേലി ഭാഗത്തു വന്ന പുള്ളിമാനെ തെരുവ് പട്ടികൾ കൂട്ടമായി വന്ന് ആക്രമിച്ചു കൊല്ലുകയായിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടുകൂടി വാവേലി ഭാഗത്ത് വച്ചാണ് മാനിനെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് പ്രദേശവാസികൾ കാണുന്നത്. തുടർന്ന് തെരുവ് നായ്ക്കളെ നാട്ടുകാർ വിരട്ടി ഓടിക്കുകയായിരുന്നു. കഴുത്തിലും കാലിലും ആഴത്തിൽ ഗുരുതരമായി പരിക്കേറ്റ പുള്ളിമാൻ അവശനിലയിൽ തൊട്ടടുത്തുള്ള പാറയിൽ മത്തായിയുടെ കൊക്കോ തോട്ടത്തിൽ അഭയം പ്രാപിക്കുകയായിരുന്നു.
വിവരം അറിഞ്ഞെത്തിയ വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, താൽക്കാലിക ഫോറെസ്റ്റ് വാച്ചർ വാവച്ചൻ, നാട്ടുകാർ തുടങ്ങിയവർ മാനിന് സംരക്ഷണമൊരുക്കി ശുശ്രുഷിച്ചെങ്കിലും മൂന്ന് വയസ്സ് പ്രായം അനുമാനിക്കുന്ന പെൺ പുള്ളിമാൻ ചാകുകയായിരുന്നു. തെരുവ് പട്ടികൾ മാനിന്റെ കഴുത്തിൽ ഏൽപ്പിച്ച മാരക മുറിവുകൾ ആകാം മരണകാരണമെന്ന് അനുമാനിക്കുന്നു. ഈ പ്രദേശത്ത് സ്കൂൾ കുട്ടികൾക്ക് ഭീഷണിയാകുന്ന വിധത്തിൽ തെരുവ് നായ്ക്കൾ പെരുകിയെന്നും അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ കൈകൊള്ളണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇