കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക് അണച്ചശേഷമാണ് മോഷ്ടാക്കള്‍ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചത്. ക്ഷേത്ര മുറ്റത്ത് പോലീസ് പട്രോളിങ്ങ് രേഖപ്പെടുത്താന്‍ വച്ചിരുന്ന രജിസ്റ്ററിന്റെ തൊട്ടു താഴെയുള്ള ഭണ്ഡാരമാണ് മോഷ്ടാക്കള്‍ തകര്‍ത്തത്. ഇതേ ഭണ്ഡാരം രണ്ട് മാസം മുമ്പും തകര്‍ത്ത് പണം കവര്‍ന്നിരുന്നു. ഈ വര്‍ഷം ഇത് നാലാം തവണയാണ് പാനിപ്ര കാവില്‍ മോഷണം നടക്കുന്നത്. കോട്ടപ്പടി പോലീസ് സ്‌റ്റേഷനില്‍ നാല് തവണ പരാതി നല്‍കിയിട്ടും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സുജിത്ത് വല്ലൂര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ കൃഷിയിടത്തില്‍നിന്നും ശേഖരിച്ച റബര്‍ ഷീറ്റും തേങ്ങയും നഷ്ടപ്പെടുന്നത് പതിവ് സംഭവമാണ്.ഒരുമാസം മുമ്പ്് സ്‌കൂട്ടറില്‍ എത്തിയ മോഷ്ടാക്കള്‍ നാഗഞ്ചേരി സ്വദേശിയായ വൃദ്ധയുടെ കഴുത്തില്‍നിന്നും സ്വര്‍ണമാല പൊട്ടിച്ച് കടന്നുകളഞ്ഞിരുന്നു.ഈ സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കോട്ടപ്പടി പോലീസിന് ലഭിച്ചിട്ടും പ്രതികളെ പിടികൂടിയിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ ധാരാളം തമ്പടിച്ചിട്ടുള്ള കോട്ടപ്പടി ഏഴ് എട്ട് വാര്‍ഡുകളിലാണ് മോഷണങ്ങള്‍ പതിവ് സംഭവമാകുന്നത്. വര്‍ദ്ദിച്ചുവരുന്ന മോഷണങ്ങളിലും പോലീസ് അലംഭവത്തിലും ജനങ്ങളുടെ വലിയ പ്രതിഷേധം ഉണ്ടാകുന്നുണ്ട്.