- ഷാമോൻ കോട്ടപ്പടി
കോട്ടപ്പടി : പ്ലാമുടിയിൽ രണ്ടാമത്തെ പുലി കൂട് സ്ഥാപിച്ചു. വീട്ടിൽ കിടന്നുറങ്ങാനോ, വീടിന്റെ പരിസരത്തോ , കൃഷിയിടത്തിലോ പോലും ധൈര്യമായി ഇറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പ്ലാമുടി നിവാസികൾ. രണ്ടാഴ്ചക്കുള്ളിൽ അഞ്ച് തവണ വളർത്തുമൃഗങ്ങളെ പുലി കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വനം വകുപ്പ് പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിക്കുകയായിരുന്നു. കൂട് മാത്രം സ്ഥാപിക്കുകയും ഇരയെ ഇടാതിരിക്കുകയും ചെയ്തത് വലിയ വിമർശനത്തിന് ഇടയാക്കുകയും, പഞ്ചായത്ത് പ്രിസിഡന്റും, സ്ഥലം എം.എൽ.എ ആന്റണി ജോണും വനം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് കൂട്ടിൽ ഇരയെ ഇട്ട് പുലിയെ പിടിക്കുവാനുള്ള നടപടികൾ സ്വീകരിപ്പിക്കുകയായിരുന്നു. ഒരു കൂട് മാത്രം സ്ഥാപിച്ചു കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ ആകർഷിച്ചു കൂട്ടിൽ കയറ്റുവാനുള്ള പരിശ്രമങ്ങൾ വിഫലമുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലി ആക്രമണത്തിൽ പ്ലാമുടി ചെറ്റൂർ മാത്യുവിന്റെ ഭാര്യ റോസിലിക്ക് പരിക്കേറ്റിരുന്നു. ജനവാസ മേഖലയിൽ താമസിക്കുന്ന വീട്ടമ്മയെ കൃഷിയിടത്തിൽ വെച്ച് പുലി ആക്രമിച്ചു പരിക്കേപ്പിച്ചതിനെത്തുടർന്ന്, ഇന്ന് നാട്ടുകാർക്കിടയിൽ വൻ പ്രതിക്ഷേധം ഉണ്ടാകുകയും വനം വകുപ്പ് പുലിയെ പിടികൂടുവാനുള്ള ധ്രുതഗതിയിലുള്ള നടപടികളിലേക്ക് കടക്കുകയുമായിരുന്നു. തൽഫലമായി ഇന്ന് വൈകിട്ടോടുകൂടി പുലിയെ പിടികൂടുവാനുള്ള രണ്ടാമത്തെ കൂടും പ്ലാമൂടിയിൽ സ്ഥാപിക്കുകയായിരുന്നു. രണ്ട് കൂട്ടിലും ഇരയെ ഇട്ട് അക്രമകാരിയായ പുലിയെ പിടികൂടുന്നതിനുള്ള നടപടികൾ ആണ് വനം വകുപ്പ് കൈക്കൊണ്ടിരിക്കുന്നത്. വനം വകുപ്പ് ക്യത്യമായ രീതിയിൽ നിരീക്ഷണം നടത്തുമെന്നും, പുലിയെ പിടിക്കാനുള്ള സംവിധാനങ്ങൾ കാര്യക്ഷമമാക്കിയിട്ടുണ്ടെന്നും ഫോറസ്റ്റ് റേയ്ഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ വ്യക്തമാക്കി.