കോട്ടപ്പടി : പ്രകൃതിയുടെ അനുപമ വരദാനമായി കോട്ടപ്പടി കണ്ണക്കടയിലെ ചെക്ക് ഡാം വെള്ളച്ചാട്ടം. കാടിന്റെ ഓരത്ത് സ്ഥിതിചെയ്യുന്ന മനുഷ്യനിർമ്മിത ചെക്ക് ഡാം ആണ് ദൃശ വിരുന്ന് ഒരുക്കുന്നത്. ഇരുപത് വർഷങ്ങൾക്ക് മുൻപ് വനം വകുപ്പ് നിർമ്മിച്ചതാണ് കണ്ണക്കട ചെക്ക് ഡാം. കണ്ണക്കടയുടെ താഴെയുള്ള പ്രദേശമായ പ്ലാമുടിയിലെ ജലസേചനത്തിനും മണ്ണൊലിപ്പ് തടയുന്നതിനുമായാണ് കർഷകരുടെയും വനം സംരക്ഷണ സമിതിയുടെയും ആവശ്യപ്രകാരം വനം വകുപ്പ് ചെക്ക് ഡാം പണിതത്. കോട്ടപ്പടിയിൽ നിന്നും അഞ്ചു കിലോമീറ്ററും, വന അതിർത്തിയായ കണ്ണക്കടയിൽ നിന്ന് 150 മീറ്ററുമാണ് ഈ ജലപാതത്തിലേക്കുള്ള ദൂരം. സ്വഭാവിക വനം നിലനിൽക്കുന്നതും പാറയുടെ മുകളിൽ വെള്ളം പതിച്ചു ചിന്നിച്ചിതറി നീർച്ചാലായി ഒഴുകുമ്പോൾ ഉണ്ടാകുന്ന ആരവവും കൂടിച്ചേരുമ്പോൾ സന്ദർശകർക്ക് വലിയൊരു അനുഭൂതിയാണ് കണ്ണക്കട വെള്ളച്ചാട്ടം സമ്മാനിക്കുന്നത്.
തെന്നിത്തെറിച്ച പാറ മടക്കുകളും , കാട്ടാന ശല്യവും ഉള്ള പ്രദേശമായതുകൊണ്ട് സന്ദർശകർ ജാഗ്രത പുലർത്തണമെന്ന് നാട്ടുകാർ ഓർമിപ്പിക്കുന്നു.