കോതമംഗലം: പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റ കോട്ടപ്പടി പ്ലാമുടി ചേറ്റൂർ റോസി മാത്യുവിൻ്റെ മുഴുവൻ ചികിൽസ ചിലവും സർക്കാർ ഏറ്റെടുക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. 1980 ൽ കേരള സർക്കാർ ഭേദഗതി ചെയ്ത ചട്ടങ്ങൾ പ്രകാരം വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായ വ്യക്തികൾക്കും, വസ്തുവകകൾക്കും നഷ്ടപരിഹാരവും ചികിൽസ ചിലവും നൽകാൻ വ്യവസ്ഥയുണ്ട്. പക്ഷേ ഇതുവരെ നൽകിയ കണക്കുകൾ പ്രകാരം സർക്കാർ അനുവദിക്കുന്ന തുക താരതമ്യേന കുറവാണ്.
ആക്രമണത്തിൽ പരുക്കേറ്റ റോസിക്ക് ആശുപത്രയിൽ ചിലവാകുന്ന മുഴുവൻ തുകയും സർക്കാർ വഹിക്കണം. രണ്ടാഴ്ച മുൻപ് വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചതായുള്ള ദൃക്സാക്ഷി മൊഴികൾ പോലും അധികൃതർ മുഖവിലയ്ക്ക് എടുത്തില്ല. വനം വകുപ്പിൻ്റെ തികഞ്ഞ അനാസ്ഥയുടെ ഇരയാണ് റോസിയെന്ന് ഷിബു തെക്കുംപുറം ആരോപിച്ചു.