- ജെറിൽ ജോസ് കോട്ടപ്പടി
കോതമംഗലം : നവീകരിച്ച കോതമംഗലം കോട്ടപ്പടി റോഡിലെ വൈദ്യുതി പോസ്റ്റുകൾ അപകടഭീഷണിയുയർത്തുന്നു. ഏറെ നാളുകൾക്കു ശേഷം ആധുനിക നിലവാരത്തിൽ റീടാറിങ് ചെയ്ത റോഡിനിരുവശത്തും ഉള്ള പോസ്റ്റുകളാണ് അപകട ഭീഷണി ഉയർത്തുന്നത്. ഇതിനോടകം തന്നെ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. രാത്രികാലങ്ങളിൽ ഒരു ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ആണ് ടാറിങ്ങിന് തൊട്ടു ചേർന്ന് നിൽക്കുന്ന വൈദ്യുതി പോസ്റ്റിൽ വാഹനങ്ങൾ ഇടിച്ചു മറിയുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി ഇരുചക്രവാഹനക്കാരാണ് ഇതിനോടകംതന്നെ അപകടത്തിൽപ്പെട്ടത്. റോഡ് നന്നാക്കിയതോടു കൂടി അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. അടിയന്തരമായി ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.