കോട്ടപ്പടി: കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാനശല്യം രൂക്ഷമായിട്ടുള്ള പ്രദേശങ്ങളിളും ജനവാസ മേഖലകളിലും വൈദ്യുതവേലിയോട് ചേർന്ന് നിൽക്കുന്ന അക്കേഷ്യമരങ്ങൾ വെട്ടിമാറ്റാത്തതുമൂലം വീടുകളിലേക്ക് മരങ്ങൾ വീഴുന്നത് പതിവാകുന്നു. ഇന്ന് വെളുപ്പിന് മുട്ടത്തുപാറ കൂവക്കണ്ടത്ത് ഏറമ്പൻകുടി വീട്ടിൽ കുമാരി അയ്യപ്പൻറെ വീടിന്റെ മുകളിലേക്കാണ് മരം ഒടിഞ്ഞു വീണത്. വീടിന്റെ മുന്നിലുള്ള ഇലക്ട്രിക്ക് ലൈനിൽ മരം താങ്ങി നിന്നതുകൊണ്ട് മാത്രമാണ് വീടിന് കേടുപാടുകൾ പറ്റാതിരുന്നത്.
വീടിന്റെ മുകളിലേക്ക് ചാഞ്ഞു നിന്ന മരങ്ങൾ വെട്ടിമാറ്റി തരണമെന്ന് കൂവക്കണ്ടം പ്രദേശത്തുള്ള ഇരുപതോളം വീട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തുടർനടപടികൾ ഇഴയുകയായിരുന്നു. രണ്ട് വർഷം മുൻപ് വെട്ടേണ്ട മരങ്ങൾ അടയാളപ്പെടുത്തിയെങ്കിലും വനം വകുപ്പിന്റെ ഭാഗത്തുനിന്നുമുണ്ടായ മെല്ലെപ്പോക്കാണ് ഇന്ന് തൊഴിലുറപ്പിന് പോകുന്ന വീട്ടമ്മയുടെ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞു വീഴുവാൻ ഇടയാക്കിയതെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിക്കുന്നു.
കൂവക്കണ്ടം മേഖലയിൽ നിരവധി പാവപ്പെട്ട കുടുബങ്ങളുടെ വീടിന്റെ മുകളിലേക്ക് കേടുവന്ന് അപകട ഭീഷണി ഉയർത്തുന്ന രീതിയിലുള്ള നിരവധി മരങ്ങളാണ് ഉള്ളത്. കാറ്റും മഴയും വരുമ്പോൾ വീടുകളിൽ കഴിയുവാൻ ഭയം തോന്നുന്നുവെന്ന് ഇവർ വെളിപ്പെടുത്തുന്നു. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുവാനായി അടിയന്തരമായി അധികാരികളുടെ ഭാഗത്തു നിന്നും ഇടപെടൽ ഉണ്ടാകണമെന്ന് കോട്ടപ്പടി മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ ആവശ്യപ്പെട്ടു.
വൈദ്യുതവേലിയിൽ നിന്ന് 30 മീറ്റർ ദൂരത്തിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള സജ്ജീകരണം ഒരുക്കുമെന്ന് ബന്ധപ്പെട്ട അധികാരികൾ പറയുന്നുണ്ടെങ്കിലും എല്ലാം പാഴ്വാക്കുകൾ ആകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. രാത്രികാലങ്ങളിൽ ഇതിലെ സഞ്ചരിക്കുന്ന യാത്രക്കാർക്ക് വന്യമൃഗങ്ങൾ അടുത്തുനിന്നാൽപ്പോലും കാണുവാൻ സാധിച്ചിരുന്നില്ല, വൈദ്യുതി വേലിയിലേക്ക് മരങ്ങൾ തള്ളിയിട്ട് ആനകൾ സുഖമായി ജനവാസമേഖലകളിലേക്ക് കടന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ നാട്ടുകാർ രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാത്തിരിക്കുകയായിരുന്നു പതിവ്. മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ ഒരുപരിധിവരെ ആനകളെ പ്രതിരോധിക്കാമെന്നാണ് പ്രദേശവാസികളുടെ കണക്കുകൂട്ടൽ.