കോട്ടപ്പടി / വേങ്ങൂർ : പ്ലാമുടിയിൽ വീണ്ടും കാട്ടാന കൂട്ടത്തിന്റെ ആക്രമണം; ഭാഗ്യം കൊണ്ട് വൻ ദുരന്തം ഒഴിവായി. കല്ലുമല, പ്ലാമുടി ഉൾപ്പെടെ കോട്ടപ്പടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന സ്ഥലമാണ് കോട്ടപ്പാറ വനത്തിനുള്ളിലെ പേഴാട് പമ്പ് ഹൗസ്. അവിടുത്തെ താൽക്കാലിക ജീവനക്കാരെയാണ് കാട്ടാന ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആക്രമിച്ചത്. പമ്പ് ഹൗസിലേക്ക് നടന്ന പോകുകയായിരുന്ന മാലിയിൽ സാബു, കൈതമന സാജൻ എന്നിവരെ വഴിയരികിൽ നിൽക്കുകയായിരുന്ന കാട്ടാനക്കൂട്ടം ഓടിക്കുകയായിരുന്നു. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടുവാനായി ഓടുന്നതിനിടയിൽ വീണാണ് ഇരുവർക്കും പരുക്കേറ്റത്.
പേഴാട് പമ്പ് ഹൗസിലേക്ക് പോകുന്ന വഴിയിലെ വനത്തിപ്പോയകണ്ടം എന്ന സ്ഥലത്ത് വച്ചാണ് അപകടം സംഭവിക്കുന്നത്. തുടർന്ന് വനം വകുപ്പിന്റെ സഹായത്തോടുകൂടി ഇരുവരെയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സകൾ നൽകുകയും ചെയ്‌തു. കാലിന് സാരമായി ചതവ് സംഭവിച്ച മാലിയിൽ സാബുവിന് തുടർചികിത്സ നിർദ്ദേശിക്കുകയും ചെയ്‌തു. വഴിയരികിലെ കാട് വെട്ടണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടുങ്കിലും വനം വകുപ്പും പഞ്ചായത്തും അവഗണിക്കുകയായിരുന്നു എന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി കാട്ടാനശല്യമുള്ള പ്രദേശങ്ങളിലെ വഴിയരികിലെ കാട് വെട്ടിത്തെളിക്കണമെന്നും വഴി വിളക്കുകൾ സ്ഥാപിക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെടുന്നു.