കോട്ടപ്പടി : വെെദ്യുതി ബില്‍ കുടിശ്ശിക വരുത്തിയതിനെത്തുടർന്ന് മുന്നറിയിപ്പില്ലാതെ കോട്ടപ്പടി മൂന്നാം വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻറെ വീടിന്റെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചു. തുടർന്ന് വെെദ്യുതിയിൽ പ്രവർത്തിക്കുന്ന നെബുലൈസർ പ്രവർത്തന രഹിതമായതുമൂലം ചികിത്സയിൽ ഇരിക്കുന്ന സന്തോഷിന്റെ മാതാവ് കളിക്കുട്ടിക്ക് (68) ശ്വാസതടസ്സവും ശാരീരിക ബുദ്ധിമുട്ടും അനുഭവപെട്ടതിനെത്തുടർന്ന് കോതമംഗലത്തെ ധർമ്മഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടിൽ എത്തിയ സന്തോഷ് അയ്യപ്പൻ വെെദ്യുതി ഇല്ലാത്തതിന്റെ കാരണം തിരക്കിയപ്പോൾ വീട്ടുകാർക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. തുടർന്ന് നടന്ന പരിശോധനയിലാണ് വീട്ടിലെ വെെദ്യുതി മീറ്ററിലെ ഫ്യൂസ് ഊരിവെച്ചിരിക്കുന്നത് കാണുന്നത്. വെെദ്യുതി ബില്ലായ 315 രൂപ ഓൺലൈനായി അപ്പോൾ തന്നെ മെമ്പർ അടക്കുകയും ബന്ധപ്പെട്ടവരെ വിളിച്ചു വെെദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
കോട്ടപ്പടി പഞ്ചായത്തിലെ കാട്ടാന ശല്യം ഏറ്റവും രൂക്ഷമായ വടക്കുംഭാഗത്തു താമസിക്കുന്ന മെമ്പറുടെ വീട്ടിലെ തന്നെ ഫ്യൂസ് ഊരിയത് നാട്ടുകാരിൽ അമ്പരപ്പുണ്ടാക്കി. രോഗിയായ വൃദ്ധമാതാവും തന്റെ രണ്ട് കുട്ടികളും മാത്രമുള്ളപ്പോൾ അവരോടുപോലും കാര്യം പറയാതേയും, ഉപഭോക്താവിനെ വിളിച്ചു കാര്യം ധരിപ്പിക്കാതെയും വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചത് വെെദ്യുതി ബോർഡ് ജീവനക്കാരുടെ ധാർഷ്ട്യം മാത്രമാണെന്ന് മെമ്പർ പറയുന്നു. വെെദ്യുതി ഇല്ലാതായതിനെത്തുടർന്ന് നെബുലൈസറിന്റെ സഹായത്തോടെയുള്ള ചികിത്സ മുടങ്ങുകയായിരുന്നു. തുടർന്ന് രാത്രിയിൽ ശ്വാസ തടസ്സം നേരിട്ടതിനെത്തുടർന്ന് നാട്ടുകാർ കസേരയിൽ ഇരുത്തി വീട്ടിൽ നിന്നും ചുമന്ന് പ്രധാന റോഡിൽ എത്തിക്കുകയായിരുന്നു.
വീടിന്റെ മുൻപിൽ കാട്ടാന വരുമ്പോൾ ലൈറ്റ് ഇട്ടും ശബ്ദമുണ്ടാക്കിയും ഓടിക്കുന്ന വീട്ടിലെ വെെദ്യുതി കണക്ഷൻ വിച്ഛേദിച്ചതും, വെെദ്യുതിയിൽ മാത്രം പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ ചികിത്സ നടത്തുന്നതുമായ വൃദ്ധമാതാവ് കഴിയുന്നതുമായ വീട്ടിൽ ഒരു മാനുഷീക പരിഗണന പോലും നൽകാതെ നിരുത്തരവാദിത്തപരമായി ഫ്യൂസ് ഊരിയതിൽ അടുത്ത അമർഷമാണ് പ്രദേശവാസികൾക്ക്. അമ്മക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടപ്പോൾ നാട്ടുകാരുടെ സഹായത്തോടെ തക്ക സമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കൊണ്ട് മാത്രമാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് സന്തോഷ് പറയുന്നു. കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട കാളിക്കുട്ടി അമ്മയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. വെെദ്യുതി വകുപ്പ് ജീവനക്കാരന്റെ പ്രവൃത്തിമൂലം ആശുപത്രി ചെലവിന് കൂടിയുള്ള പണം കണ്ടത്തേണ്ട അവസ്ഥയിലാണ് തടിപ്പണിക്കാരനും സിപിഐഎം മെമ്പറുമായ സന്തോഷ് അയ്യപ്പൻ.