കോട്ടപ്പടി : റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ച് കിട്ടുന്നതിനുവേണ്ടി സമരം ചെയ്യുന്ന നിവാസികളുടെ സമരപ്പന്തൽ കോട്ടപ്പടി ഇടവകാംഗങ്ങൾ സന്ദർശിച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വക്കഫ് ബോർഡിന്റെ അധി നിവേശത്തിനെതിരെ നടക്കുന്ന സമരം ഇന്ന് മുപ്പതാം ദിവസമാണ്. തലമുറകളായി തങ്ങളുടെ പൂർവികന്മാർ കൈവശം വച്ചിരുന്ന സ്ഥലമാണ് ഇത്. എന്നിട്ടും ഫാറൂഖ് കോളേജ് കൊടുത്ത കേസിന്റെ പശ്ചാത്തലത്തിൽ ഫാറൂഖ് കോളേജിൽ നിന്ന് വിലകൊടുത്ത് വാങ്ങിയ സ്ഥലമാണ് തങ്ങളുടെ കയ്യിലുള്ളതെന്നും മുനമ്പം നിവാസികൾ പറഞ്ഞു. ഇപ്പോൾ വക്കഫ് ബോർഡ് അവകാശവുമായി വന്നതിന്റെ പേരിൽ രണ്ടുവർഷമായി എല്ലാ റവന്യൂ അവകാശങ്ങളും തങ്ങൾക്ക് നിഷേധിക്കാപ്പെട്ടിരിക്കുകയാണ് എന്നും മുനമ്പത്തെ ആളുകൾ വേദനയോടെ പറഞ്ഞു.
എല്ലാ രേഖകളും ഉണ്ടായിരിക്കെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കിടപ്പാടത്തിൽ അധി നിവേശം നടത്തുന്ന വക്കഫ് ബോർഡ് പിന്മാറണമെന്നും ളോഹയിട്ട് വർഗീയതപറയുന്നു എന്ന് പറഞ്ഞ് വൈദീകരെയും മെത്രാൻമാരെയും അധിഷേപിച്ച വക്കഫ് മന്ത്രി നാടിന് ബാധ്യതയാണെന്നും വികാരി ഫാ. റോബിൻ പടിഞ്ഞാറേക്കുറ്റ് പറഞ്ഞു. ജോർജ് ഓടക്കൽ, സി. ശ്രുതി എം എസ് ജെ, സിജു പത്രോസ്, നീതു സാന്റി തുടങ്ങിയവർ പ്രസംഗിച്ചു.
സോയി ടി സ്കറിയ, അനീഷ് പിഎം, സണ്ണി എം യു, റോബിൻസ് റോയ് തുടങ്ങിയവർ നേതൃത്വം നൽകി