Connect with us

Hi, what are you looking for?

EDITORS CHOICE

ശ്രീലേഖ വാരപ്പെട്ടി : കുറുങ്കുഴൽ വാദനത്തിലെ പെൺപെരുമ

കൂവപ്പടി ജി. ഹരികുമാർ

കോതമംഗലം : പാണ്ടിയുടെ കൊലുമ്പലിനോടൊപ്പവും പഞ്ചാരിയുടെ മധുരഗാംഭീര്യ ചെമ്പടവട്ടങ്ങളിലും ശ്രീലേഖ വാരപ്പെട്ടിയുടെ കുറുങ്കുഴൽ നാദം, ലയഭംഗിതീർത്ത ഉത്സവദിനങ്ങളായിരുന്നു കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിൽ ഇത്തവണയും. മേളക്കാരായ പുരുഷപ്രജകൾക്കിടയിൽ സെറ്റുമുണ്ടും ധരിച്ചു നിൽക്കുന്ന ശ്രീലേഖയുടെ വളയിട്ട കൈകളിലെ കുറുങ്കുഴലിൽ നിന്നുമുയർന്ന രാഗലയം മേളപ്രിയർ അറിഞ്ഞാസ്വദിച്ചു. കുറച്ചു കാലങ്ങളായി തൃക്കാരിയൂരപ്പന്റെ മണ്ണിലെ ഉത്സവമേളത്തിലെ പതിവുകാരിയാണ് ശ്രീലേഖ. മാരാർ സമുദായത്തിൽപ്പെട്ട ശ്രീലേഖയ്ക്ക് പാരമ്പര്യ ജന്യമായിക്കിട്ടിയതാണ് ക്ഷേത്രകല. ഇലത്താളം വായനക്കാരനായ അച്ഛൻ സുകുമാരൻ മാരാരും വല്ല്യച്ഛനും കുടുംബക്കാരുമെല്ലാം പരമ്പരകളായി മേളക്കാരാണ്.  ശാസ്ത്രീയ സംഗീതപദ്ധതിയിലെ ചിലരാഗങ്ങളെ പിൻതുടരുന്ന സുഷിരവാദ്യങ്ങളിലൊന്നായ കുറുങ്കുഴൽ വായിക്കാൻ പഠിച്ചെടുത്തതു മുതൽ എറണാകുളം ജില്ലയിലെ കിഴക്കൻ ദിക്കുകളിൽ ക്ഷേത്രോത്സവങ്ങൾക്കും പൂരങ്ങൾക്കും പോയിത്തുടങ്ങിയതാണ് ശ്രീലേഖ. ഈ രംഗത്ത് സ്ത്രീകൾ അപൂർവ്വമായി മാത്രമുള്ളതിനാൽ ആസ്വാദകർക്ക് കൗതുകം കൂടിയാണ് ഈ കലാകാരി യുടെ സാന്നിദ്ധ്യം.

കുട്ടിക്കാലം മുതൽ ക്ഷേത്രവാദ്യകലകളോട് ആഭിമുഖ്യം ഉണ്ടായിരുന്നുവെന്ന് ശ്രീലേഖ പറഞ്ഞു. ആദ്യം പഠിപ്പിച്ചത് ചെണ്ട. ഇടന്തല കൊട്ടലും ഇലത്താളവും പഠിച്ച് ഇരുപത്തഞ്ചാമത്തെ വയസ്സിൽ അരങ്ങേറ്റം. ‘പഞ്ചാരി തുടങ്ങിയാൽ പത്തു നാഴിക’ എന്ന പഴഞ്ചൊല്ല് പോലെ എത്ര മണിക്കൂറുകൾ വേണമെങ്കിലും പുരുഷന്മാർക്കൊപ്പം മേളത്തിൽ നിലയുറപ്പിയ്ക്കാൻ ശ്രീലേഖയ്ക്കാവും. തൃക്കാരിയൂരിൽ രണ്ടുവർഷമായി പാണ്ടിമേളത്തിന് കുറുങ്കുഴൽ വായിക്കുന്നുണ്ട്. പെരുമ്പാവൂർ സന്തോഷാണ് കുറുങ്കുഴൽ വായന പഠിപ്പിച്ചത്. ഇപ്പോൾ ഇടയ്ക്കയിലും പരിശീലനം നടന്നുകൊണ്ടിരിക്കുന്നു. കാക്കനാട് ഇൻഫോപാർക്കിൽ ഉദ്യോഗസ്ഥനായ അനുജൻ ശ്രീഹരിയും ഇടയ്ക്ക പരീശീലിക്കുന്നുണ്ട്. ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി നോക്കുന്ന ശ്രീലേഖ ഉത്സവകാലത്തു മാത്രമാണ് ഇപ്പോൾ കുറുങ്കുഴലുമായി വായനക്കിറങ്ങുന്നത്. വാരപ്പെട്ടി മഞ്ചേപ്പിള്ളിൽ വീട്ടിൽ അമ്മ എം.വി. മല്ലികയോടൊപ്പമാണ് താമസം.

ഫോട്ടോ: ശ്രീലേഖ വാരപ്പെട്ടി, കോതമംഗലം തൃക്കാരിയൂർ ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവമേളത്തിൽ കുറുങ്കുഴൽ വായിക്കുന്നു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...