കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ നിരവധിയായ ആദിവാസി സമൂഹമുൾപ്പെടെയുള്ള സാധാരണക്കാരായ നിരവധി രോഗികൾ നിത്യേന ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കണമെന്ന് എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി കിഫ്‌ബി വഴി നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
കോതമംഗലം താലൂക്ക് ആശുപത്രിയുടെ വികസന പദ്ധതികൾക്കായി (സിവിൽ ഇൻഫ്രാസ്ട്രക്ചർ ആന്റ് മെഡിക്കൽ ഉപകരണങ്ങൾ) 11 കോടി 15 ലക്ഷം രൂപയുടെ ഭരണാനുമതി നല്കിയിട്ടുണ്ട്.ഇതിന്റെ ഭാഗമായി പ്രസവാനന്തര വാർഡ്,ഒഫ്താൽമോളജി ഒ റ്റി വാർഡ്,വാർഡുകൾ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ കിഫ്ബി വഴി നടപ്പിലാക്കും.പ്രസ്തുത പദ്ധതിയുടെ ധനാനുമതിക്കായി പ്രൊപ്പോസൽ കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.ധനാനുമതി ലഭിക്കുന്ന മുറയ്ക്ക് ടെണ്ടർ നടപടികൾ ഉൾപ്പെടെയുള്ളവ സ്വീകരിച്ച് പ്രവർത്തി ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ ആറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 2 കോടി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഡയാലിസിസ് സെന്റർ കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും, ഇതിന് പുറമെയാണ് കിഫ്ബി വഴി 11 കോടി 15 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ കിഫ്ബി വഴി താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്നതെന്നും എം എൽ എ പറഞ്ഞു.