കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റ് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലം താലൂക്കിൽ മൂന്ന് സർക്കാർ ക്വാറന്റയ്ൻ കേന്ദ്രങ്ങളിലും, വീടുകളിലുമായി നിരവധി പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇവരുൾപ്പെടെ രോഗ ലക്ഷണമുള്ള ആളുകളുടെ സ്രവം ശേഖരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചാണ് പരിശോധനകൾ നടത്തുന്നത്. ഇതിനാവശ്യമായിട്ടുള്ള വിസ്കും(WHISK),അനുബന്ധ സാമഗ്രികളും താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റ് പ്രവർത്തന സജ്ജമാക്കുന്നതിനു വേണ്ടിയുള്ള ക്രമീകരണങ്ങൾ നടന്നു വരുന്നതായും, എത്രയും വേഗത്തിൽ കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.