കോതമംഗലം : ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയിട്ടുള്ള സപ്ലൈകോ ഓണം ഫെയർ കോതമംഗലം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ സംഘടിപ്പിച്ചു.ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർ കെ എ നൗഷാദ് ,സപ്ലൈകോ മാനേജർ സനീഷ് കുമാർ കെ, താലൂക്ക് സപ്ലൈ ഓഫീസർ മിനി മോൾ ടി എസ് എന്നിവർ സന്നിഹിതരായിരുന്നു.
13 ഇന സബ്സിഡി ഉൽപ്പന്നങ്ങൾ, 25 രൂപ നിരക്കിൽ 20 കിലോ ഓണം സ്പെഷ്യൽ അരി, വെളിച്ചെണ്ണ ന്യായവിലയ്ക്ക്, ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്,കൂടാതെ സമൃദ്ധി ഓണ കിറ്റുകളും, മിനി സമൃദ്ധി കിറ്റുകളും, ശബരി സിഗ്നേച്ചർ കിറ്റുകളും സംഘടിപ്പിച്ചിട്ടുണ്ട്.
1225 രൂപ വിലയുള്ള 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ് ആയിരം രൂപയ്ക്കും, 625 രൂപ വിലയുള്ള 10 ഇനങ്ങളുള്ള സമൃദ്ധി മിനി കിറ്റ് 500 രൂപയ്ക്കും, 305 രൂപ വിലയുള്ള ഒൻപത് ശബരി ഉൽപന്നങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കുമാണ് സപ്ലൈകോ നൽകുന്നത്.
ഇതോടൊപ്പം 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്. ഇതുപയോഗിച്ച് സപ്ലൈകോ വിൽപനശാലകളിൽ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31 വരെ വാങ്ങാം. 500 രൂപയുടെ മുകളിൽ സബ്‌സിഡി ഇതര ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് സമ്മാനക്കൂപ്പൺ ലഭിക്കും. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ വിജയികൾക്ക് ശബരി കുട/ വാട്ടർബോട്ടിൽ എന്നിവ സമ്മാനമായി ലഭിക്കും. സപ്ലൈകോ ചില്ലറ വിൽപന ശാലകളിൽനിന്നും ഈ കാലയളവിനുള്ളിൽ 1000 രൂപയ്ക്ക് മുകളിൽ ഉൽപന്നങ്ങൾ വാങ്ങുന്നവർക്ക് പ്രതിദിന കൂപ്പണുകൾക്കൊപ്പം ജില്ലാതല സമ്മാനപദ്ധതി പ്രകാരമുള്ള കൂപ്പണുകളും ലഭിക്കും.
മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്നേച്ചർ കിറ്റ് എന്നിവയോടൊപ്പം ശേഷിക്കുന്ന മൂല്യത്തിന് ഉൽപന്നങ്ങൾ വാങ്ങിയാലും ഈ കൂപ്പൺ നേടാം. ലക്കി ഡ്രോയിലൂടെ വിജയികളാകുന്നവർക്ക്
ഒന്നാം സമ്മാനം ഒരു പവന്റെ സ്വർണ നാണയവും രണ്ടാം സമ്മാനം രണ്ടുപേർക്ക് ലാപ്‌ടോപ്, മൂന്നാം സമ്മാനം മൂന്ന് പേർക്ക് സ്മാർട്ട് ടി വി തുടങ്ങിയ സമ്മാനങ്ങളും സപ്ലൈകോ നൽകുന്നുണ്ട്.
രാവിലെ 10 മണി മുതൽ രാത്രി 8 വരെയാണ് വിൽപ്പന.
ഓഗസ്റ്റ്(31/8/25) മുതൽ സെപ്റ്റംബർ 4 വരെയാണ് സപ്ലൈകോ ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
