കോതമംഗലം:- കോതമംഗലം സബ് സ്റ്റേഷൻ 2020 ജൂലായിൽ 220 കെവി ആയി പ്രവർത്തന സജ്ജമാകുമെന്ന് ബഹു: വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിയമസഭയിൽ വ്യക്തമാക്കി.കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും,ഇതിന്റെ ഭാഗമായി നടന്നു വരുന്ന പ്രവർത്തികൾ സംബന്ധിച്ചും പദ്ധതി വേഗത്തിൽ പൂർത്തീകരികേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ആന്റണി ജോൺ എംഎൽഎ ഉന്നയിച്ച നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് ബഹു: മന്ത്രി നിയമസഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്.
കോതമംഗലം സബ്സ്റ്റേഷന്റെ ശേഷി നിലവിലുള്ള 66 കെ വിയിൽ നിന്നും 220 കെ വി ആയി ഉയർത്തുവാനുള്ള പ്രവർത്തിയുടെ 60% പൂർത്തിയായതായും,അനുബന്ധ ലൈനിന്റെ പണി പൂർത്തീകരിച്ച് കഴിഞ്ഞതായും ബഹു: മന്ത്രി പറഞ്ഞു.220/110 കെ വി ലൈൻ കറുകടത്ത് വച്ച് പഴയ ഇടുക്കി – മാടക്കത്തറ ലൈനുമായി യോജിപ്പിച്ച് 3.6 കിലോമീറ്ററോളം വലിച്ച് കോതമംഗലം സബ്സ്റ്റേഷനിൽ എത്തിച്ചാണ് 220 കെ വി സപ്ലൈ പ്രസ്തുത സബ്സ്റ്റേഷനിൽ ലഭ്യമാക്കുന്നതെന്നും ഈ ലൈനിന്റെ നിർമ്മാണം പൂർത്തിയായതായും,രണ്ട് 220/110 കെ വി 100 മെഗാവാട്ട് ട്രാൻസ്ഫോർമറുകളിൽ ഒരെണ്ണവും രണ്ട് 110/11 കെ വി 20 മെഗാവാട്ട് ട്രാൻസ്‌ഫോർമറുകളും സ്ഥാപിച്ചു കഴിഞ്ഞുവെന്നും ടവറുകളും ഉപകരണങ്ങളും സ്ഥാപിക്കുന്ന ജോലി 60% പൂർത്തിയായതായും,കൺട്രോൾ റൂമിന്റെ പണി 90% പൂർത്തിയായതായും,ബാക്കി പ്രവൃത്തികൾ 2020 ജൂലൈ മാസത്തോടെ പൂർത്തികരിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നതായും, സബ്സ്റ്റേഷൻ ഭാഗികമായി 2020 മാർച്ച് മാസത്തിൽ തന്നെ കമ്മീഷൻ ചെയ്യുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും ബഹു:മന്ത്രി പറഞ്ഞു.
കോതമംഗലം സബ്സ്റ്റേഷന്റെ നിർമ്മാണത്തിന് 63.60 കോടിയും അനുബന്ധ ലൈൻ നിർമ്മാണത്തിന് 10.30 കോടി രൂപയും ആണ് വകയിരുത്തിയിട്ടുള്ളതെന്നും, പ്രസ്തുത പ്രവൃത്തി പൂർണ്ണമായും 2020 ജൂലൈയിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബഹു:വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി ആന്റണി ജോൺ എംഎൽഎയെ നിയമസഭയിൽ അറിയിച്ചു.
You must be logged in to post a comment Login