കോതമംഗലം : നവ മാധ്യമങ്ങളിലൂടെ പുന്നേക്കാട് -തട്ടേക്കാട് റോഡിൽ കടുവയിറങ്ങിയെന്ന തലക്കെട്ടോടെ വീഡിയോ പ്രചരിപ്പിക്കുകയും, അതിനോടൊപ്പം ശബ്‌ദ ക്ലിപ്പുകളും പ്രചരിപ്പിച്ചവർക്ക് എതിരെയാണ് കോതമംഗലം പോലീസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്. വാട്ട്ആപ്പിലൂടെയാണ് പ്രധാനമായും വ്യജ വീഡിയോ പ്രചരിപ്പിക്കുന്നത്. ഒരാഴ്ച്ച മുൻപ് മലയാറ്റൂർ – ഇല്ലിത്തോട് ഭാഗത്ത് ആയിരുന്നു പുലി ഇറങ്ങിയെന്ന് പറഞ്ഞു കടുവയുടെ ഇതേ വീഡിയോ പ്രചരിപ്പിച്ചത്. വനമേഖലയോട് ചേർന്ന് അധിവസിക്കുന്നവരെ ഭയപ്പെടുത്തുന്ന വ്യജ വീഡിയോ പ്രചരിപ്പിച്ചർക്ക് എതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളുമെന്ന് കോതമംഗലം സി.ഐ ബേസിൽ തോമസ് വ്യക്തമാക്കി.
വനം വന്യജീവി സംഘർഷം നിലനിൽക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ ഭീതിയും ആശങ്കയും വളർത്തുന്ന രീതിയിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നവരെ സൈബർ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് കോതമംഗലം പ്രസ്സ് ക്ലബ് പ്രിസിഡന്റ് ജോഷി അറക്കൽ അഭിപ്രായപ്പെട്ടു.
കോതമംഗലത്ത് പ്രചരിക്കുന്ന വീഡിയോ, മഹാരാഷ്ട്രയിലെ ബർവി, ഒറീസ , കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാസങ്ങൾക്ക് മുൻപ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യപ്പെട്ടവയാണ്. പുലിപ്പേടി നിലനിൽക്കുന്ന കോട്ടപ്പടിയിലും ഈ കടുവയുടെ വീഡിയോ പ്രചരിപ്പിച്ചിരുന്നു. പുന്നേക്കാട് -തട്ടേക്കാട് റോഡിലൂടെ സഞ്ചരിക്കുന്നവർ പോലും വീഡിയോയുടെ നിജസ്ഥിതി മനസ്സിലാക്കാതെ പ്രചരിപ്പിച്ചത് ജനങ്ങളുടെ ചിന്താ ശേഷിയിൽ വന്ന അപചയം ആണെന്ന് മാധ്യമപ്രവർത്തകനായ ഏബിൾ സി അലക്സ് വ്യകതമാക്കുന്നു.
വീഡിയോയിൽ കാണുന്നതുപോലെയുള്ള സ്ഥലമോ , വെയ്റ്റിംഗ് ഷെഡോ കോതമംഗലം മേഖലയിൽ കാണുവാൻ സാധിക്കില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന കേശുമ്മാമന്മാരുടെ എണ്ണം കൂടിവരുന്ന കാഴ്ച്ചയാണ് കണ്ടുവരുന്നതെന്ന് സോഷ്യൽ മീഡിയയിൽ സജീവമായ റിജോ കുര്യൻ ചുണ്ടാട്ട് അഭിപ്രായപ്പെട്ടു.