കോതമംഗലം :- കോതമംഗലത്ത് പോസ്റ്റ് മെട്രിക് ഹോസ്റ്റൽ വേണമെന്നുള്ള ആദിവാസി സമൂഹത്തിൻ്റെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യം യാഥാർത്ഥ്യമാകുന്നു എന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാർ വിപുലമായ സംവിധാനങ്ങൾ ഏർപ്പെട്ടുത്തിയിട്ടുണ്ടെങ്കിലും,കോതമംഗലത്തെ വിവിധ ഹയർ സെക്കന്ററി സ്കൂളുകളിലും കോളേജുകളിലും,അഡ്മിഷൻ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റു വിദ്യാർത്ഥികളെപ്പോലെ ദൈനന്തിനം വീട്ടിൽ പോയി വരാൻ സാധിക്കാത്തതു മൂലം കുട്ടികൾ വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരികയും,വിദ്യാഭ്യാസം ഉപേക്ഷിച്ച് കുടികളിലേക്ക് തിരികെ പോകുന്ന അനുഭവവും ഉണ്ടായിട്ടുണ്ട്.ഇത് പരിഹരിക്കാൻ കോതമംഗലത്ത് ഒരു ട്രൈബൽ പോസ്റ്റ് മെട്രിക് ഹോസ്റ്റൽ ആരംഭിക്കണമെന്ന ആവശ്യം സർക്കാരിൽ സമർപ്പിച്ചിരുന്നു.നിയമസഭയിലും നേരത്തെ ഈ വിഷയം ഉന്നയിച്ചിരുന്നു.ഇതിന്റെ തുടർച്ചയിൽ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഹോസ്റ്റൽ ആരംഭിക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിന് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗവും ചേർന്നു.പട്ടിക വർഗ്ഗ ഡയറക്ടർ റ്റി പി അനുപമ ഐ എ എസ്,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ ഗോപി,കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനേഷ് നാരായണൻ,ആദിവാസി ക്ഷേമ സമിതി മേഖല കമ്മിറ്റി സെക്രട്ടറി പി കെ ബിജു എന്നിവരും യോഗത്തിൽ പകെടുത്തു.കോതമംഗലം മുൻസിപ്പാലിറ്റിയിൽ കറുകടത്തിന് സമീപം ഇപ്പോൾ കണ്ടെത്തിയിട്ടുള്ള കെട്ടിടം ഹോസ്റ്റൽ ആരംഭിക്കുവാൻ അനുയോജ്യമാണെന്ന് യോഗം വിലയിരുത്തി.ടി കെട്ടിടത്തിൽ എത്രയും വേഗം ഹോസ്റ്റൽ ആരംഭിക്കുവാൻ ഉള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് യോഗം തീരുമാനിച്ചു.ഹോസ്റ്റൽ ആരംഭിക്കുന്നതോടുകൂടി കോതമംഗലത്തും പരിസരത്തുമുളള ഹയർ സെക്കന്ററി സ്കൂളുകളിലും,ആർട്സ് & സയൻസ്,എൻജിനീയറിങ്ങ്,ദന്തൽ,ആയുർവേദ,ഫാർമസി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രേവേശനം ലഭിക്കുന്ന പട്ടിക വർഗ്ഗ വിഭാഗത്തിൽ പെടുന്ന കുട്ടികൾക്ക് ഇവിടെ താമസിച്ച് അവരുടെ പഠനം തുടരുവാൻ കഴിയും.ആദിവാസി സമൂഹം കാലങ്ങളായി ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇപ്പോൾ പരിഹാരമായതെന്നും,ഹോസ്റ്റൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.