കോതമംഗലം: പെരിയാർവാലി കനാലിൽ പുലിമല ഭാഗത്ത് ടൈൽസ് പണി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തുമണിയോടുകൂടിയാണ് അപകടം സംഭവിക്കുന്നത്. അങ്കമാലി കാഞ്ഞൂർ സ്വദേശിയായ ഇന്ദ്രന്റെ മകൻ സിജു (41 ) ആണ് കനാലിൽ മുങ്ങി മരിച്ചത്. പണി കഴിഞ്ഞ ശേഷം കുളിക്കുവാൻ വേണ്ടി കൂട്ടുകാർക്കൊപ്പം ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെട്ട് മുങ്ങി താഴുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന നാട്ടുകാരനായ ഒരാൾ കൂടെ ചാടിയെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് പെരിയാർവാലി അധികൃതർ ജലനിരപ്പ് താഴ്ത്തുകയും ഫയർഫോഴ്സും സ്കൂബ ടീമും , കോതമംഗലം പോലീസും , നാട്ടുകാരും നടത്തിയ മണിക്കൂറുകൾ നീണ്ടുനിന്ന തിരച്ചിലുകൾക്കൊടുവിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കോതമംഗലം ഫയർഫോഴ്സ് സ്കൂബ ടീം ആണ് മൃതദേഹം മുങ്ങിയെടുത്തത്.
