കോതമംഗലം : ഉദ്യാനകൃഷിയിൽ വർണ്ണ വസന്തം തീർക്കുകയാണ് മാലിപ്പാറ സ്വദേശി ബിനോജ് പി രാമൻ. ബിനോജിന്റെ പോക്കാട്ടെ വീടിന്റെ മുറ്റം നിറയെ വിവിധ ഇനം ആമ്പലിന്റെയും, താമരയുടെയും പൂക്കാലമാണ്. ഹൌസ് പെയിന്റിംഗ് തൊഴിലാളിയായ ബിനോജ് തന്റെ ഒഴിവ് സമയങ്ങളിൽ ആണ് പൂന്തോട്ട പരിപാലനത്തിൽ മുഴുകുന്നത്. ചെറുപ്പം മുതലേ വർണ്ണ പൂക്കളോടാണ് ബിനോജിന് പ്രിയം. പെരിയാർ വാലി കനാലിന് സമീപം താമസിക്കുന്നതിനാൽ സമിപത്തെ ചതുപ്പ് നിലങ്ങളിൽ വിടർന്നു നിൽക്കുന്ന ആമ്പലും, താമരയും പറിച്ചെടുത്ത് വീട്ടിൽ കൊണ്ടു വന്നു നട്ടു. പിന്നീടാണ് സുഹൃത്തുക്കൾ വഴി വീട്ടിൽ വളർത്താൻ കഴിയുന്ന ഹൈബ്രിഡ് ഇനത്തിലുള്ള താമരകൾ വിപണിയിൽ ഉണ്ടെന്നുള്ള കാര്യം തിരിച്ചറിയുന്നത്. അങ്ങനെ അവ വാങ്ങി വീട്ടിലെ മുറ്റത്ത് നിരവധി പാത്രങ്ങളിൽ വെള്ളം നിറച്ച് നട്ടു. ഇപ്പോൾ അമ്പതിൽ പരം പാത്രങ്ങളിലാണ് ആമ്പലിന്റെയും, താമരയുടെയും പൂക്കൾ ബിനോജിന്റെ വീടിന്റെ മുറ്റത്ത് വർണ്ണ വസന്തം തീർക്കുന്നത്. മുറ്റത്തിന് പുറമെ മട്ടു പാവിലും ആമ്പൽ വസന്തം തീർക്കുന്നുണ്ട്.ഈ നയനമനോഹര കാഴ്ചകണ്ടിട്ടാണ് ഈ ഉദ്യാനപാലകൻ ദിവസേന പെയിന്റിംഗ് ജോലിക്കു പോകുന്നതും.
