കോതമംഗലം : പൈമറ്റം ഗവൺമെന്റ് യുപി സ്കൂളിലും സമീപത്തെ അങ്കണവാടിയിലും രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അതിക്രമം നടത്തി. അങ്കണവാടിയിലെ ശുചിമുറിയുടെ വാതിൽ ചവിട്ടിപ്പൊളിക്കുകയും വെളുത്തനിറത്തിലുള്ള മാലിന്യം ശുചിമുറിയിൽ നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ നിർമ്മാണത്തിലിരിക്കുന്ന വർണ്ണക്കൂടാരത്തിന്റെ കൈവരികൾ തകർക്കുകയും ചെയ്തു. രണ്ട് മാസങ്ങൾക്ക്മുൻപ് സ്കൂളിലെ ഓഫീസ് റൂമിന്റെ ഡോർ ചവിട്ടിപ്പൊളിക്കുകയും മറ്റ് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.
ഹെഡ്മിസ്ട്രസ് വിവരമറിയച്ചതിനെത്തുർന്ന് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാർഡ്മെമ്പർ സഫിയ സലിം, എസ്എംസി മെമ്പർ വി എസ് നൗഫൽ, അങ്കണവാടി വർക്കർ റെജി വർഗീസ് എന്നിവർ സ്ഥലത്തെത്തി പോലീസിനെ വിളിക്കുകയും ഊന്നുകൽ എസ്എച്ച്ഒ പി ബസന്ത് സ്കൂളിലെത്തി പരിശോധ നടത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിനി എം വർഗ്ഗീസ് പഞ്ചായത്ത് സെക്രട്ടറിക്കും, ഊന്നുകൽ പോലീസിനും പരാതി നൽകി. നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് പോലീസ് ഉണർന്ന് പ്രവർത്തിക്കണമെന്നും, നൈറ്റ് പെട്രോളിംഗ് ശക്തമാക്കണമെന്നും വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് ആവശ്യപ്പെട്ടു.
