കോതമംഗലം : ഏഴ് മക്കൾക്കും അമ്മക്കും താമസിക്കാൻ വീടൊരുങ്ങി. മെർലിനും ബ്ലസിക്കും ഇനി വീട് സുരക്ഷിതം. ഏഴ് മക്കളുമായി സുരക്ഷിതമല്ലാത്ത വീട്ടിലായിരുന്നു ഷീല മാത്യുവും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. അടച്ചുപൂട്ടാൻ വാതിൽ ഇല്ലാതെ വിഷമിക്കുകയായിരുന്നു വീടിൻ്റെ സുരക്ഷക്കായി ഡോ: സബൈൻ നേതൃത്വം നൽകുന്ന അതിഥി ചാരിറ്റബിൾ സൊസൈറ്റി സഹായം എത്തിച്ചു. ഇടുക്കി ജില്ലയിലെ കൊടിക്കുളം പഞ്ചായത്തിലെ പരുതപ്പുഴയിലായിരുന്നു താമസം. 2018-ലെ പ്രളയത്തിൽ വീട് തകർന്നു. പുഴ പുറമ്പോക്കിലായിരുന്നു ദീർഘകാലമായി താമസിച്ചിരുന്നത്. സർക്കാരിൽ സമർപ്പിക്കപ്പെട്ട അപേക്ഷയെ തുടർന്ന് വീട് നിർമാണത്തിന് 4 ലക്ഷം രൂപ അനുവദിച്ചു.
കോതമംഗലം രൂപതയുടെ കീഴിലുള്ള സാമൂഹിക സന്നദ്ധ പ്രവർത്തന സ്ഥാപനമായ ജീവയിൽ നിന്ന് 5 സെൻ്റ് സ്ഥലം പല്ലാരിമംഗലം പഞ്ചായത്തിൽ സൗജന്യമായി വാങ്ങി നൽകി. നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം മൂലം സർക്കാർ നൽകിയ പണം കൊണ്ട് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏറെക്കാലമായി വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. 7 മക്കളിൽ 6 പേരും വിദ്യാർഥികളാണ്. അച്ഛൻ ഉപേക്ഷിച്ച് പോയി. വിദ്യാഭ്യാസച്ചെലവും കുടുംബ പ്രാരാബ്ധങ്ങളും പരിഹരിക്കാൻ അമ്മ ഷീല മാത്യു തയ്യാറാക്കുന്ന പലഹാരങ്ങൾ പായ്ക്ക് ചെയ്ത് മൂവാറ്റുപുഴയിൽ എത്തിച്ച് വിൽപ്പന നടത്തും. ഉണ്ണിയപ്പവും പപ്പടവടയുമെല്ലാം വിദ്യാർഥികളായ മെർലിനും, ബിബിതയും ചേർന്ന് രാത്രിയാകും മുന്നേ വിറ്റുതീർത്ത് വീട്ടിലേക്ക് മടങ്ങും.
ഒരിക്കൽ എൽദോ എബ്രഹാം എം.എൽ.എ.ആയിരുന്ന സമയത്ത് മെർലിൻ ഉണ്ണിയപ്പവുമായി അടുത്തെത്തി. അന്ന് പരിചയപ്പെട്ട ശേഷം അടുത്ത നാൾവിളിച്ചു ഞങ്ങൾക്ക് വീടിന് മുൻവശത്തും പിൻവശത്തും വാതിലുകൾ ഇല്ല. വാടക കൊടുക്കാൻ നിവൃത്തി ഇല്ല. ഞങ്ങൾക്ക് പുതിയ വീട്ടിലേക്ക് മാറാൻ സഹായിക്കണം. ഇക്കാര്യം എൽദോ എബ്രഹാം ഡോ: സബൈൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അതിഥി ചാരിറ്റബിൾ സൊസൈറ്റി വിഷമതയറിഞ്ഞ് സഹായം എത്തിച്ചപ്പോൾ ഇളയ മകൾ രണ്ടാം ക്ലാസുകാരി ബ്ലസി പറഞ്ഞു. സർക്കാർ നൽകിവന്ന ഭക്ഷ്യധാന്യ കിറ്റും, പതിവ് റേഷനുമാണ് ഞങ്ങൾക്ക് ഇത് വരെ ആശ്വാസമായിരുന്നത്. അതിഥി ചാരിറ്റബിൾ സൊസൈറ്റി അംഗം വി.എം.നവാസ്, എം.എസ്. അലിയാർ കെ.എ.സനീർ, വി.കെ സക്കീർ ,ഹസ്സൻ ഒ.എം, പി.എ.മുഹമ്മദ് എന്നിവർ വീട് സന്ദർശിച്ചു.