കോതമംഗലം: പാലമറ്റം, ചീക്കോട് വനത്തിൽ പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രം എക്സൈസ് സംഘം തകർത്തു. രഹസ്യവിവരത്തെത്തുടർന്ന് കുട്ടമ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.രമേശിന്റെ നേതൃത്വത്തിലുള്ള സംഘവും, എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും സംയുക്തമായി കുട്ടമ്പുഴ റേഞ്ചിലെ പാലമറ്റം, ചീക്കോട് വനത്തിൽ നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക് ബാരലിലും കന്നാസിലുമായി സൂക്ഷിച്ചിരുന്ന ചാരായം വാറ്റുന്നതിനുള്ള 255 ലിറ്റർ വാഷ് കണ്ടെടുത്ത് കേസാക്കി. പാലമറ്റത്തു നിന്നും ഉദ്ദേശം ഒരു കിലോമീറ്റർ തെക്ക് മാറി ചീക്കോട് വനത്തിലുള്ള കാട്ടരുവിയുടെ സമീപം വലിയ ചീനി മരത്തിന്റെ മറവിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്.
പ്രതികളെക്കുറിച്ച് സൂചന കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. ലോക്ക് ഡൗണിനോടനുബന്ധിച്ച് നിരവധി ചാരായ കേസുകളാണ് കുട്ടമ്പുഴ റേഞ്ച് സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് വിഭാഗവും കൂടി കണ്ടെടുത്തിട്ടുള്ളത്. പരിശോധനകൾ തുടരും. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ പി രമേശ് പ്രിവന്റീവ് ഓഫീസർമാരായ സാജൻ പോൾ, എൻ. എ. മനോജ് (ഇൻറലിജൻസ് വിഭാഗം ,എറണാകുളം) സിവിൽ എക്സൈസ് ഓഫീസർ ജറിൻ പി. ജോർജ്ജ്,ശാലു T. A. എന്നിവരും റെയ്ഡിൽ പങ്കെടുത്തു.