കോതമംഗലം : കാശു കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി നാടിന് മാതൃകയായി വിദ്യാർത്ഥികളും, ചെറുവട്ടൂർ സ്വദേശികളുമായ അലനും, ആൽവിനും, നിവേദും. ചെറുവട്ടൂർ പഴുക്കാളിൽ സാബു കുര്യാച്ചന്റെ മക്കളാണ് വിദ്യാർത്ഥിയായ അലൻ ബേസിൽ സാബു (അഞ്ചാം ക്ലാസ്), ആൽവിൻ ബേസിൽ സാബു(മൂന്നാം ക്ലാസ്സ് ). ചെറുവട്ടൂർ കല്ലേക്കാട്ട് കെ കെ ഷിബുവിന്റെ മകനാണ് (നാലാം ക്ലാസ് )നിവേദ് കെ ഷിബു.സ്കൂൾ തുറക്കുമ്പോൾ പുത്തൻ ഉടുപ്പ് വാങ്ങാൻ വേണ്ടി വച്ചിരുന്നതായിരുന്നു കാശു കുടുക്കയിലെ സമ്പാദ്യം. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ മൂവരും ചേർന്ന് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി ആന്റണി ജോൺ എംഎൽഎയ്ക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം,കെ കെ ജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
