കോതമംഗലം : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 1-19 വയസ്സ് വരെ പ്രായമുള്ള എല്ലാ കുട്ടികൾക്കും വിരനശീകരണത്തിനുള്ള ഗുളിക നൽകുന്നതിന്റെ ജില്ലാ ഉദ്ഘാടനം മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ജില്ലയിലെ 6,86,497 കുട്ടികൾക്കാണ് ഗുളിക നൽകുന്നത്.അംഗനവാടികൾ, സ്കൂളുകൾ, സർക്കാർ, എയ്ഡഡ്,അൺ എയ്ഡഡ്,സി ബി എസ് ഇ, ഐ സി എസ് ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഗുളിക നൽകും.ഇന്ന് ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾ ജനുവരി 24 ന് നടക്കുന്ന സമ്പൂർണ്ണ വിരവിമുക്തി ദിനത്തിൽ ഗുളിക കഴിക്കണം.മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ എ നൗഷാദ്,പ്രവീണ ഹരീഷ്,മാതിരപ്പിള്ളി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എച്ച് എം രജിത സി,ജില്ലാ മാസ്മീഡിയ ഓഫീസർ ശ്രീജസി എം,എം സി എച്ച് ഓഫീസർ സുധ പി,ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസർ ഷബീർ വി എ,ലേഡി ഹെൽത്ത് ഇൻസ്‌പെക്ടർ പാത്തുമ്മ വി,ഹെൽത്ത് ഇൻസ്‌പെക്ടർ അജേഷ് പി എസ് എന്നിവർ പങ്കെടുത്തു.ജില്ലാ സർവ്വൈലൻസ് ഓഫീസർ ഡോക്ടർ കെ കെ ആശ വിഷയ അവതരണം നടത്തി.കൗൺസിലർ കെ വി തോമസ് സ്വാഗതവും താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്‌ജലി നന്ദിയും പറഞ്ഞു.
