കോതമംഗലം: കടാതി-കാരക്കുന്നം, മാതിരപ്പിള്ളി-കോഴിപ്പിള്ളി ബൈപാസുകള്‍ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കിയതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. 2 ബൈപാസുകള്‍ക്കും സ്ഥലമേറ്റെടുക്കുന്നതിനായി 1307 കോടി ഉള്‍പ്പെടെ 1720 കോടി രൂപ 2023-24 വാര്‍ഷിക പദ്ധതിയില്‍പെടുത്തിയാണ് സെപ്റ്റംബറിന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കിയത്. 30 മീറ്റര്‍ വീതിയില്‍ 4 ലൈന്‍ പേവ്ഡ് ഷോള്‍ഡര്‍ രീതിയില്‍ ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം. ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സിയാണ് ഡി.പി.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഇനി ഈ സാമ്പത്തിക വര്‍ഷം തന്നെ സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരവിതരണം തുടങ്ങിയ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.പി. പറഞ്ഞു. സ്‌പെഷ്യല്‍ ഡെപ്യുട്ടി കളക്ടര്‍ എല്‍എ.എന്‍.എച്ച് എറണാകുളം നെയാണ് സ്ഥനമേറ്റെടുപ്പിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വാളകം, മുളവൂര്‍, ഏനാനല്ലൂര്‍, മൂവാറ്റുപുഴ, മാറാടി, വെള്ളൂര്‍ക്കുന്നം, വില്ലേജുകളും കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, വാരപ്പെട്ടി, കോതമംഗലം എന്നീ വില്ലേജുകളിലുടെയാണ് ബൈപ്പാസ് അലൈന്‍മെന്റ് നിശ്ചയിച്ചിരിക്കുന്നത്. കടാതി മുതല്‍ കാരക്കുന്നം വരെ 6 കി.മി നീളത്തില്‍ നിര്‍മ്മിക്കുന്ന മൂവാറ്റുപുഴ ബൈപ്പാസിന് ഭൂമി ഏറ്റെടുക്കലിന് 543 കോടിയും സിവില്‍ വര്‍ക്കുകള്‍ക്കായി 217 കോടിയും ഉള്‍പ്പെടെ ആകെ 760 കോടി രൂപയും മാതിരപ്പിള്ളി മുതല്‍ കോഴിപ്പിള്ളി വരെ 5 കി.മി നീളത്തില്‍ നിര്‍മ്മിക്കുന്ന കോതമംഗലം ബൈപ്പാസിന് സ്ഥലം ഏറ്റെടുക്കലിന് 764 കോടി സിവില്‍ വര്‍ക്കുകള്‍ക്കായി 196 കോടിയും ഉള്‍പ്പെടെ 960 കോടി രൂപയുടെ പദ്ധതിക്കാണ് ഡി.പി.ആര്‍ തയ്യാറാക്കിയിരിക്കുന്നതെന്നും എം.പി. പറഞ്ഞു.
